എ.കെ. ശശീന്ദ്രന് പിന്നെയും മന്ത്രിയായി. അധികം ആരും അറിയാതെയായിരുന്നു രണ്ടാംവരവ്. ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവച്ചുപോയപ്പോള്‍ എന്തോ ഒന്ന് കളഞ്ഞുപോയ മട്ടിലായിരുന്നു പിണറായി സര്‍ക്കാരിന്റെ പോക്ക്. പിണറായിപ്പാര്ട്ടിയിലെ പി. ശശി മുതല്‍ തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് വരെയുള്ളവര്‍ തിരുത്തിയും ഇണങ്ങിയും പിണങ്ങിയും നല്ല ‘കൂട്ടുകാരുമായി’- മുന്നോട്ടുപോകുന്നതിന്റെ ഒരു രസം മന്ത്രിസഭയ്ക്ക് പകര്‍ന്നിരുന്ന സാന്നിധ്യമായിരുന്നു ശശീന്ദ്രന്റേത്.
വല്ലാണ്ട് ഇടത്തേക്ക് ചാഞ്ഞുപോയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായാണ് സര്‍ക്കാരില്‍ ശശീന്ദ്രന് മന്ത്രിയായത്. കൊട്ടും കുരവയും ആഘോഷവുമായിട്ടായിരുന്നു അന്നത്തെ വരവ്. ഇടതും വലതും ഭരിച്ചും മുടിച്ചും ആനവണ്ടിയെന്ന് പേരുവീണ കെഎസ്ആര്‍ടിസിയുടെ ഉടയോനായിട്ടായിരുന്നു അരങ്ങേറ്റം. അങ്ങോട്ടുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല എലത്തൂര്‍ എംഎല്‍എയ്ക്ക്. എന്‍സിപിയുടെ മന്ത്രി ആരാവണം എന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വലിയ ബഹളം നടന്നു. അതിനുംവേണ്ടി ആളുകളുള്ള പാര്‍ട്ടിയാണല്ലോ എന്‍സിപി.
കേരളത്തിനകത്ത് വലിയ നിലയും വിലയുമൊന്നുമില്ലെങ്കിലും മഹാരാഷ്ട്രയിലെ മുക്കിലും മൂലയിലുമൊക്കെ പണ്ട് ആനപ്പുറത്ത് കയറിയ തഴമ്പുമായി ജീവിച്ചുപോരുന്ന ഒരു പാര്‍ട്ടിയാണിത്. ആകെ വൈരുധ്യാത്മകമാണ് അതിന്റെയൊരു ചേല്. ഇടയ്ക്ക് കോണ്‍ഗ്രസാവും, ഇടയ്ക്ക് ശിവസേനയാകും,വേണ്ടിവന്നാല്‍ ബിജെപിക്കൊപ്പവും ചേരും. കേരളത്തില്‍ വരുമ്പോള്‍ കട്ട സിപിഎം പ്രേമമാണ് സ്റ്റൈല്‍. പിണറായിക്കാണെങ്കില്‍ മറ്റാരോടുമില്ലാത്ത ഒരു മുന്നണിപ്രേമവും മര്യാദയുമൊക്കെ ഈ മുംബൈവാലാ പാര്ട്ടിയോടുണ്ടുതാനും.
സര്‍ക്കാരായപ്പോള്‍ മന്ത്രിക്കസേരയില്‍ താനല്ലാതെ ആരും വേണ്ടെന്ന് കുട്ടനാട്ടെ എംഎല്‍എ തോമസ് ചാണ്ടിയെന്ന കുവൈറ്റ് വ്യവസായി ശാഠ്യം പിടിച്ചതാണ് ശശീന്ദ്രന് അന്ന് കീറാമുട്ടിയായത്. മന്ത്രിപ്പണി ഇപ്പോള്‍ ജീവനോപാധി ആകയാല്‍ അക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്നം പരിഹരിച്ചതെന്നാണ് കേഴ്വി. ജീവിക്കാന്‍ കണ്ടമാനം കായല്‍ ചുറ്റിനും കിടക്കുമ്പോള്‍ ചാണ്ടിക്കെന്തിന് കസേര എന്ന ലളിതമായ ചോദ്യത്തിനു മുന്നില്‍ മുതലാളി വിനീതനായി. വേണമെങ്കില്‍ത്തന്നെ രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ചാണ്ടിക്കിരിക്കാന് വഴിയുണ്ടാക്കാമെന്ന് ഉറപ്പ് നല്കി. അങ്ങനെയാണ് ശശീന്ദ്രന് മന്ത്രിയായത്.
മന്ത്രി ആയേപ്പിന്നെ ശശീന്ദ്രനാകെ തിരക്കായിരുന്നു. ഒരു മന്ത്രീന്നൊക്കെപറഞ്ഞാല് എന്തോരം ആളുകളുമായി സംസാരിക്കണം. എത്രപേരുടെ പ്രശ്നങ്ങളില്‍ തലയിടണം…. ഏല്പിച്ച വകുപ്പ് പണ്ടേ കുളമായതിനാല്‍ അതിന് ആഴം കൂട്ടുക എന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ല. ആ പണിക്ക് ഡിപ്പാര്‍ട്ട്മെന്റില്‍തന്നെ വിദഗ്ധന്മാര് ഏറെയാണ്. അതുവഴിക്കൊന്നും പോയി മെനക്കേടുണ്ടാക്കാന്‍ ശശീന്ദ്രന് നിന്നില്ല. ഫോണ്‍വിളി ഒഴിഞ്ഞിട്ടുവേണമല്ലോ ശശീന്ദ്രന് മന്ത്രിപ്പണി നോക്കാന്‍. സമയമില്ല എന്ന് പറയുന്നതാവും ഉചിതം.
മനുഷ്യരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, പൂച്ചക്കുട്ടികളുടെ പ്രശ്നങ്ങളിലും മന്ത്രിക്ക് താല്പര്യം കൂടുതലാണ്. അത്തരം കാര്യങ്ങളെ തീര്‍ത്തും വൈകാരികമായാണ് മന്ത്രി സമീപിച്ചിരുന്നതും. രാത്രിയും പകലുമില്ലാതെ നടന്ന തിരക്കേറിയ ഫോണ്സംവാദങ്ങളിലൊന്ന് പുറത്തായതാണ് ശശീന്ദ്രന് വിനയായത്. ഒളിക്യാമറകള്‍ പാര്‍ട്ടിക്കൊടി പിടിക്കുന്ന മുന്നണിയിലാണ് വാഴ്ചയെന്ന് പാവം മറന്നുപോയി. പോയ എല്‍ഡിഎഫ് മന്ത്രിസഭയിലും ഇത്തരത്തിലൊന്നുണ്ടായിരുന്നു. മരുമകളെ ഇന്റര്‍വ്യൂ ചെയ്ത് അപ്പോയിന്റ് ചെയ്യുക എന്നത് നല്ല കുടുംബജീവിതത്തിന് പ്രയോജനം ചെയ്തേക്കും എന്ന് ധരിച്ചുപോയ ജോസ് തെറ്റയിലെന്ന പിതാവായിരുന്നു അന്നത്തെ താരം. പ്രസ്തുത ഇന്റര്‍വ്യൂ തല്പരകക്ഷികള് സ്ക്രീനിലെത്തിച്ചതോടെയാണ് തെറ്റയിലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയത്.
ശശീന്ദ്രന് പൂച്ചക്കുട്ടിയെ കടിച്ചുപറിക്കുമെന്ന് കേട്ട് വിറളിപിടിച്ച പാര്‍ട്ടിയിലെ മൃഗസ്നേഹികള്‍ ഒച്ചപ്പാടുണ്ടാക്കി. ഹണിട്രാപ്പെന്നോ ഫോണ്ട്രാപ്പെന്നോ ഒക്കെ മനസ്സിലാകാത്ത പല പേരുകളും പറഞ്ഞ് ശശീന്ദ്രന് പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും പണി പാളി. സംഭവം ചൂടായതോടെ ശശീന്ദ്രന് ധാര്‍മ്മികനായി. മന്ത്രിപ്പണി രാജിവെച്ചു. പിന്നാലെ കുവൈറ്റ് ചാണ്ടി മന്ത്രി ചാണ്ടിയായി.
കെഎസ്ആര്‍ടിസിയില്‍ പിന്നെയും ഭരണം തിമിര്‍ത്തു. ശമ്പളം മുടങ്ങുന്നതില്‍ മാറ്റമുണ്ടായില്ല. പെന്‍ഷന്‍കാര്‍ തെരുവിലിറങ്ങി. ചിലര്‍ മരണത്തിലേക്ക് നടന്നു. പുതിയ ബസ്സുകള്‍ ഇറങ്ങിയില്ല. സ്വകാര്യബസ്സുകള്‍ തിമിര്‍ത്തോടുന്ന റോഡില്‍ നിരങ്ങിയും മുടന്തിയും സര്‍ക്കാര്‍ വണ്ടികളും നീങ്ങി. കുട്ടനാടന്‍ കായല്‍ സ്വന്തമാക്കി മന്ത്രി കയ്യേറ്റം പ്രത്യയശാസ്ത്രമാക്കി. ഇനിയും കായല്‍ കയ്യേറുമെന്ന് ആക്രോശിച്ചു. റവന്യൂവകുപ്പിനോട് പോയി പണിനോക്ക് എന്ന് പരിഹസിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമ കുറുക്കിന് കയറി നിന്നതോടെ ചാണ്ടിയും രാജിവച്ചു.
ശശീന്ദ്രനും ചാണ്ടിയും വീണതോടെ കെഎസ്ആര്‍ടിസിക്ക് മന്ത്രിമാരേ ഇല്ലാതായി. പിണറായിയുടെ വരാന്തയില്‍ മന്ത്രിപ്പണി മോഹിച്ച് ഒറ്റയാള്‍ പാര്‍ട്ടികള്‍ ക്യൂ നിന്നു. ശശീന്ദ്രനെക്കണ്ട് പത്തനാപുരത്തെ ഗണേശനും ചാണ്ടിയെക്കണ്ട് കോവൂര്‍ കുഞ്ഞുമോനും വാപിളര്‍ന്നു. ആ കസേര തങ്ങള്‍ക്ക് കയ്ക്കില്ലെന്ന് രണ്ടുപേരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. അതിനിടയിലൂടെ കുറ്റവിമുക്തനായെന്ന പേരില്‍ വീണ്ടും ശശി ധാര്‍മ്മികനായി. ഒരേ മന്ത്രിസഭയില്‍ രണ്ട് തവണ മന്ത്രിയായതിനാല്‍ ശശീന്ദ്രന്റെ ശാസ്ത്രീയ നാമം ബ്ലൂ ശശി എന്നാകാന്‍ ഇടയുള്ള ഒരു കസേരയേറലാണ് ഇപ്പോള്‍ നടന്നത്. പൂച്ചക്കുട്ടികള്‍ കോടതികളില്‍ നിന്ന് കോടതികളിലേക്ക് പോകുന്നുണ്ട്.ശശീന്ദ്രന് ഇനിയും പാരയായേക്കാം. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുന്നേടത്തോളം ഈ ബ്ലൂ ശശി പ്രതിഭാസം ഇനിയും ആവര്‍ത്തിക്കാനിടയുണ്ട് എന്ന് സാരം.
കേന്ദ്രത്തിലും സംസ്ഥാനത്തും ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഒളിച്ചും പതുങ്ങിയുമാണ് ബ്ലൂ ശശി പ്രതിഭാസം അരങ്ങേറിയത്. അതുകൊണ്ടുതന്നെ ബ്ലൂ മൂണ്‍ കാണാനുണ്ടായ തിരക്ക് സത്യപ്രതിജ്ഞയ്ക്കുണ്ടായില്ല. എന്‍സിപിയില്‍ ഇപ്പോഴും ചാണ്ടി എംഎല്‍എ ആയി ഉണ്ടെന്നത് ശശീന്ദ്രന് കുരുക്കാണ്. ശശീന്ദ്രന് കഴിഞ്ഞാല്‍പ്പിന്നെ എന്‍സിപിക്കുള്ള എംഎല്‍എ കുട്ടനാട്ടിലെ ഈ മുതലാളിയാണല്ലോ. മുതലാളിയിപ്പോള്‍ കൂപ്പര്‍ ബാലേഷ്ണന്റെ മകന്റെ ദുഫായി തട്ടിപ്പ് ഒത്തുതീര്‍പ്പാക്കുന്ന തിരക്കിലാണെന്നാണ് കേള്‍ക്കുന്നത്. കോടിയേരി മകന് ബിനോയ് അടിച്ചോണ്ടുപോന്ന പണം തേടിയെത്തിയ അറബിക്ക് കുട്ടനാടന്‍ കൊഞ്ച് ഇഷ്ടപ്പെട്ടത്രെ. സംഗതി ഏതാണ്ട് കയിച്ചിലാക്കുമെന്ന് ഉറപ്പായ മട്ടാണ് കാര്യങ്ങള്‍. അപ്പോള്‍പ്പിന്നെ ഒരു ഉപകാരസ്മരണ പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: