കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സിപിഎം വിമര്‍ശനത്തെ പിന്തുണച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. രാഷ്‌ട്രീയം ശരിക്കും അപഗ്രഥിക്കുന്നവര്‍ക്ക് കാനം സിപിഎം വിരോധിയാണെന്ന് തോന്നില്ല. തുറന്ന് പറച്ചില്‍ മുന്നണിയെ സംരക്ഷിക്കുന്നതാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ എംകെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം കാനം രാജേന്ദ്രന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകള്‍ മറച്ചുവയ്‌ക്കാതെ പുറത്തുപറയുന്നത് തന്റേടമാണ്. അതിന് ചിലപ്പോള്‍ പഴി കേട്ടേക്കാം. എന്നാലും നിലപാടുകള്‍ തുറന്നുപറയേണ്ടത് അനിവാര്യമാണ്. സംഘാടക സമിതി ചെയര്‍മാന്‍ മജ്നു കോമത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്ര സമര്‍പ്പണം സംവിധായകന്‍ വിനയന്‍ നിര്‍വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി പി. രാജു അനുസ്മരണപ്രഭാഷണം നടത്തി. ഇ.സി. ശിവദാസ്, പി.എ. ബോസ്, കെ.എ. സോമന്‍ എന്നിവര്‍ സംസാരിച്ചു.
















