ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജ് പരിസരത്തെ അനധികൃത കടകള്‍ പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റാനെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെ ആര്‍പ്പൂക്കര പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇവിടെ അനുമതിയില്ലാതെയും പഞ്ചായത്തിന്റെ സ്ഥലം കൈയ്യേറിയും സ്ഥാപിച്ച കടകള്‍ നീക്കം ചെയ്യാനെത്തി. ചില കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പത്തോളം കച്ചവടക്കാര്‍ തങ്ങള്‍ പഞ്ചായത്തുമായി കരാര്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്നു പറഞ്ഞു ഒഴിപ്പിക്കല്‍ തടയുകയായിരുന്നു.
ആറുമാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവു പ്രകാരം ഈ പ്രദേശത്തെ അനധികൃത കടകള്‍ പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഒഴിപ്പിച്ച് 24 മണിക്കൂര്‍ തികയും മുന്‍പ് വീണ്ടും ഇവിടെ കടകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ ജെസിബി ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി അധികൃതര്‍ കടകള്‍ പൊളിക്കുവാന്‍ എത്തിയെങ്കിലും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു.
പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനായാണ് ഇവിടെ നിലവിലുള്ള താല്‍ക്കാലിക കടകള്‍ ഒഴിപ്പിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഷോപ്പിംഗ് കോംപ്ലക്‌സ് വരുമ്പോള്‍ തങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അല്ലാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും സമ്മതമല്ലെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.
പഞ്ചായത്ത് കമ്മിറ്റികൂടി അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ പറയുന്നു. മൂന്നാം തവണയാണ് ഈ പ്രദേശത്തെ അനധികൃത കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
















