ഇരിട്ടി: ശ്യാമപ്രസാദ് വധവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കാലാവധി കഴിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. ഇന്നലെ ഗൂഡാലോചന നടന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുത്തു. എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും സഹായം ഇവര്‍ക്ക് കിട്ടിയതായാണ് പോലീസ് കരുതുന്നത്. ഇതിനെ ബലപ്പെടുത്തുന്ന പല തെളിവുകളും അതോടൊപ്പം കൂടുതല്‍ പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച മൊഴികള്‍ പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കി എന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കും.
കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകളില്‍ പല നിര്‍ണ്ണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്യാമപ്രസാദിന്റെ വധിക്കുന്നതിനു മുന്‍പ് പിടികൂടിയ പ്രതികളില്‍ മൂന്ന് പേര്‍ രഹസ്യ സങ്കേതത്തില്‍ ഒത്തുകൂടിയതായും കൂടെ ചില നേതാക്കള്‍ ഉണ്ടായിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക നേതാക്കള്‍ക്ക് പുറമേ ചില ഉന്നതരെക്കൂടി പ്രതിചേര്‍ക്കുകയും പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനയാനും അന്വേഷണ സംഘം ഉടന്‍ തയ്യാറായേക്കും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ പേരാവൂര്‍ സിഐ പി.സി.കുട്ടികൃഷ്ണന്‍ അടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















