കണ്ണൂര്‍: പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രകൃതി ജീവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുളള ആരോഗ്യനികേതന്‍ പ്രകൃതി ചികിത്സാകേന്ദ്രം പിടിച്ചെടുക്കാനുളള നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് നടപ്പാക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും കലക്ടര്‍ക്കും പരാതി. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.എം.ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
ട്രസ്റ്റിന്റെ പേരിലുളള ഒരേക്കര്‍ 32 സെന്റ് നെല്‍വയലും ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്ന 72 സെന്റ് സ്ഥലവും മറ്റൊരു 31 സെന്റ് സ്ഥലവും കൈവശപ്പെടുത്താനുളള ചിലരുടെ നീക്കത്തിനെതിരേയാണ് പരാതി. 2016 നവംബറില്‍ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കായി താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. അതിനുശേഷം ഏതാനും ചിലര്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കും പിആര്‍ഒവിനും നേരെ കയ്യേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് ഹൈക്കോടതി സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ പോലീസ് ഇടപെടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന്‌ശേഷവും കേസിലെ പ്രതികള്‍ അതിക്രമം തുടരുകയാണെന്നും കഴിഞ്ഞ 26 ന് ബാലകൃഷ്ണന്‍ ട്രസ്റ്റ് അംഗങ്ങളെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതിനാല്‍ ചികിത്സാ കേന്ദ്രത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പ്രതികളെല്ലാം ഭരണ കക്ഷിയുടെ ആളുകളായതിനാല്‍ പോലീസിലുളള സ്വാധീനത്താല്‍ ലോക്കല്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ പി.എം.ബാലകൃഷ്ണന്‍, എം.ഉണ്ണികൃഷ്ണന്‍, ടി.സി.വി.ബാലകൃഷ്ണന്‍, ബി.ഐ.മാധവന്‍, ഇ.ടി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















