കൊച്ചി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്‌ട്രീയത്തിനും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും പേരുകേട്ട കണ്ണൂര്‍ ജില്ല തീവ്രവാദികളുടെയും കേന്ദ്രമായി മാറുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കണ്ണൂര്‍ ജില്ല തന്നെയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജില്ലയെന്ന കുപ്രസിദ്ധിയും നേടിയിരിക്കുന്നത്. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ മാറുന്നു എന്ന് വ്യക്തമാക്കുന്നതാണിത്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം ചുരുങ്ങിയ കാലത്തിനുള്ളില്‍ 14 ഭീകരവാദ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ കൂടുതലും അന്താരാഷ്‌ട്ര ബന്ധമുള്ളവയാണ്. 14 കേസുകളിലായി 64 പേര്‍ പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേരും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രമുസ്ലീം സംഘടനകളുടെയും പ്രവര്‍ത്തകരാണ്. തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചാര്‍ജ്ജ് ചെയ്തിരിക്കുന്ന ഒരു കേസിലെ പ്രതികള്‍ സിപിഎമ്മുകാരാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി കേസെടുത്തതിനാലാണിത്.
കണ്ണൂര്‍ ജില്ലയില്‍ ഐഎസ് മോഡല്‍ സര്‍ജിക്കല്‍ ബ്ലേഡ് ആക്രമണം വര്‍ധിക്കുന്നതായും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 പേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇത്തരം ആക്രമണത്തിന് വിദഗ്ധ പരിശീലനം ലഭിച്ച പ്രതികള്‍ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുത്തരമായി പോലീസ് നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒന്‍പത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ അക്രമ രാഷ്‌ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂര്‍ ജില്ല ജിഹാദി തീവ്രവാദത്തിന്റെയും മുഖ്യ ഇടമായി മാറുന്നത് ആശങ്കയോടെയാണ് അന്വേഷണ സംഘങ്ങള്‍ കാണുന്നത്. ദക്ഷിണേന്ത്യയിലെ തീവ്രവാദ ഹബ്ബായി കേരളം മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കണ്ണൂര്‍ ജില്ല അതിന്റെ കേന്ദ്രമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
















