മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ഫാക്ട് സംഭരണിയില്‍ നിന്ന് അമോണിയ ചോര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തുറമുഖത്തെ ഭീതിയിലാക്കി അമോണിയ ചോര്‍ന്നത്. ബ്രിസ്റ്റോ റോഡില്‍ എഫ്സിഐ ഗോഡൗണിന് സമീപം മട്ടാഞ്ചേരി വാര്‍ഫിനോട് ചേര്‍ന്നുള്ള ഫാക്ട് അമോണിയ സംഭരണിയില്‍ നിന്ന് ബുള്ളറ്റ് ടാങ്ക് വാഹനത്തിലേക്ക് അമോണിയ പകര്‍ത്തവേ വാല്‍വ് തള്ളി മാറിയാണ് ചോര്‍ച്ചയുണ്ടായത്.
കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള 25 ഓളം അഗ്നിശമന ടാങ്കുകളും ബിപിസിഎല്‍ വാതകചോര്‍ച്ച ദുരന്ത രക്ഷാവാഹനം എന്നിവയുമായി പോലീസ്, ദുരന്തനിവാരണ സേന, സിഐഎസ്എഫ് തുടങ്ങിയവരുടെ നാല് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെയാണ് അമോണിയ ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയത്.
ചോര്‍ച്ചയെ തുടര്‍ന്ന് ഓട്ടേറെപേര്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി. ചോര്‍ന്ന അമോണിയയില്‍ വെള്ളം പമ്പ് ചെയ്ത് നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനമാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയത്. അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് കൊച്ചി തുറമുഖത്തേക്കുള്ള ഗതാഗതം മണിക്കൂറുകളോളം തടഞ്ഞു. പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയവിദ്യാലയ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് മാറ്റി. റെയില്‍വേയുടെ ഹാര്‍ബര്‍ ടെര്‍മിനസ്സ് സ്റ്റേഷന് പ്രവര്‍ത്തനം തടസ്സപ്പെട്ടു. തുറമുഖത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ളവരെ നീക്കി. ഓഫീസുകള്‍ക്ക് അടിയന്തിര അപകട സന്ദേശം നല്കി. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയും രണ്ടു സിനിമാ സെറ്റ് ജോലിക്കാരും രണ്ടു ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തകരുമടക്കം ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വിദ്യാര്‍ത്ഥികളും ഏഴ് സിഐ എസ്എഫ് ജീവനക്കാരും ശ്വാസതടസ്സവുമായി ആശുപത്രിയില്‍ എത്തി. ഇവരെ അടിയന്തിര ചികിത്സ നല്കി വിട്ടു.
തുറമുഖ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥി ഐശ്വര്യ(16), ബിപിസിഎല്‍ വാതകചോര്‍ച്ചാ രക്ഷാസംഘത്തിലെ രതീഷ് (37), സെയ്തു(28), ഉദ്യോഗമണ്ഡല്‍ സ്വദേശി ബിജു (37), തുറമുഖത്ത് നടക്കുന്ന സിനിമാ ചിത്രീകരണ സംഘത്തിലെ ചളിക്കവട്ടം വിജില്‍ (32), വെണ്ണല സനീഷ് (31) എന്നിവരെയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്.
സംഭവസ്ഥലത്ത് തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് രാമണ്ണ, ദുരന്ത നിവാരണസേന ഡെപ്യൂട്ടി കളക്ടര്‍ ഷീലാദേവി. സബ് കളക്ടര്‍ ഇമ്പശേഖര്‍, മട്ടാഞ്ചേരി എസിപി എസ്. വിജയന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: