സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോടതിയിലെ ധാരണപ്രകാരം പിഴ അടയ്ക്കാം എന്നുപറഞ്ഞിട്ട് അതും ചെയ്തില്ല. കാശ് കിട്ടേണ്ടവര്‍ പാര്‍ട്ടി നേതൃത്വത്തെ പലതരത്തില്‍ സമീപിച്ചു. അറബി ദല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് കാശ് തിരികെ കിട്ടാന്‍ സഹായിക്കണെമന്ന് ആവശ്യപ്പെട്ടിരുന്നു. ഫലമുണ്ടാകാഞ്ഞപ്പോള് ഇന്റര്‍പോള്‍ സഹായത്തോടെ ബിനോയിയെ പിടികൂടി നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കം തുടങ്ങി. ഇത് വാര്‍ത്തയായതോടെ സിപിഎം വെട്ടിലായി. ന്യായീകരിക്കാന്‍ പഴുതില്ലാതെയായി. എങ്കിലും പിടിച്ചുനില്ക്കാന് ശ്രമിക്കുകയാണ്. പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് ചെയ്ത കുറ്റമാണെങ്കിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മാത്രമാണ് ന്യായം. ബിനോയിക്ക് കോടികള്‍ വായ്പ കിട്ടാന്‍ കാരണം കോടിയേരിയുടെ മകന് എന്ന ഏക വിലാസമാണ്. വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ സഹായിച്ചതും കോടിയേരി ആഭ്യന്തരം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തതിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ കോടിയേരിയുടെ മകന്റെ വെട്ടിപ്പില്‍ പാര്‍ട്ടിക്ക് കൈകഴുകാനാവില്ല.
ആദര്‍ശം വലിയവായില്‍ പറയുന്നവരാണ് സിപിഎമ്മുകാര്‍. പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്നാണ് അവകാശവാദം. അതിന്റെ സമുന്നതനേതാവിന്റെ മകനാണ് കോടികളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കുടുംബപരമായി സമ്പന്നനല്ലാത്ത കോടിയേരിയുടെ മക്കള്‍ക്ക് എങ്ങനെ കോടികളിട്ട് കളിക്കാന്‍ സാഹചര്യമൊരുങ്ങി? വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ക്ക് ഗള്‍ഫില്‍ എന്തു ബിസിനസ്സ് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സിപിഎമ്മിന് ബാധ്യതയുണ്ട്. കോടിയേരിയുടെ മാത്രമല്ല പിണറായി വിജയന്റെയും, പി.കെ. ശ്രീമതിയുടെയും അച്യുതാനന്ദന്റെയും മക്കളുടെ വഴിവിട്ട ബിസിനസ്സ് ഇടപാടുകളും പണമിടപാടുകളും പാര്‍ട്ടി മാത്രമല്ല, ജനങ്ങളും അറിയണം. ദുബായ് കോടതിയില്‍ കേസില്ല, യാത്രാ വിലയ്ക്കില്ല എന്നൊന്നും പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട.
കോടിയേരിയുടെ മക്കള്‍ നടത്തുന്ന അധോലോക ബിസിനസ്സുകളെകുറിച്ച് കേരളം പിറുപിറുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വിവാദമായ പെണ്‍വാണിഭ കേസിലെ പ്രതിയാണ് ആദ്യമായി കോടിയേരിയുടെ മക്കളെ ഗള്‍ഫില്‍ എത്തിച്ചതത്രെ. അവര്‍ അവിടെ തുടങ്ങിയത് എന്ത് വാണിഭമാണെന്ന് പുറംലോകം അറിഞ്ഞില്ല. എന്നാല്‍ കേരളത്തില്‍ നടന്ന പല വാണിഭങ്ങളിലും കോടിയേരി മക്കളുടെ പേര് ഉയര്‍ന്നുവന്നു. മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട്, മുത്തൂറ്റ് കൊലക്കേസ്, കോവളം കൊട്ടാരം വില്‍പ്പന, സന്തോഷ് മാധവന് ഭൂമിയിടപാട്, ദിലീപ് കേസ് തുടങ്ങി കേരളത്തിലെ വിവാദമായ കേസുകള്‍ വന്നപ്പോള്‍ കോടിയേരി പുത്രന്മാരും ചര്‍ച്ചയായി. ബിജെപി ഇവര്‍ക്കെതിരെ അനേ്വഷണമാവശ്യപ്പെട്ട് വിജിലന്‍സിന് രേഖാമൂലം പരാതിയും നല്‍കിയിരുന്നു. പിണറായിയുടെ വിജിലന്‍സ് പക്ഷേകോടിയേരിക്കെതിരെ അനേ്വഷണം നടത്തിയില്ല.
സിപിഎമ്മിന് മാത്രമല്ല പ്രവാസി മലയാളികള്‍ക്കാകെ ബിനോയിക്കെതിരായ കേസ് നാണക്കേടുണ്ടാക്കുന്നു. ഗള്‍ഫില്‍ ബിസിനസ് വിജയം നേടിയ നിരവധി മലയാളികളുണ്ട്. വിശ്വാസ്യതയായിരുന്നു ഇവരുടെ കൈമുതല്‍. മലയാളികളെ വിശ്വസിച്ച് അറബികള്‍ കോടികളുടെ ബിസിനസില്‍ പങ്കാളികളാക്കുകയും പണം വാരിക്കോരി കടമായി നല്‍കുകയും ചെയ്തു. അത്തരം വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുന്നതാണ് ബിനോയിയെപോലുള്ളവര് ചെയ്യുന്ന വഞ്ചന. രാഷ്ട്രീയപിന്ബലത്തിലാണ് ഇത് ചെയ്തതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉത്തരം പറഞ്ഞേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: