കടുത്തുരുത്തി: ഒന്നര പതിറ്റാണ്ടത്തെ ഇടവേളയ്‌ക്കു ശേഷം ആപ്പാഞ്ചിറ കുമ്മംകോട് പാടശേഖരത്ത് കൃഷി മടങ്ങിയെത്തി. ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷന് സമീപമാണ് തരിശ് കിടക്കുന്ന നാല് ഏക്കര്‍ പാടം സ്ഥിതി ചെയ്യുന്നത്.
കാരാമ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പാടത്ത് ഇക്കുറി നെല്‍ക്കൃഷി നടത്തിയത്. നെല്ലിനൊപ്പം 160 ചുവട് ചേന, കപ്പ, 150 ഏത്തവാഴ എന്നിവയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ആദ്യം ചെയ്ത കൃഷി ഡിസംബറിലുണ്ടായ മഴയെ തുടര്‍ന്ന് രണ്ട് ഏക്കറോളം വെള്ളം കയറി നശിച്ചിരുന്നു. രണ്ടാമത് ഭദ്രാ വിത്താണ് വിതച്ചത്. ആദ്യം നട്ട ഞാറിന് ഇപ്പോള്‍ 25 ദിവസത്തെ വളര്‍ച്ചയും രണ്ടാമത് നട്ട ഞാറിന് ഏഴ് ദിവസത്തെ വളര്‍ച്ചയും എത്തിയിട്ടുണ്ട്. മുളക്കുളം പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് പാടം സ്ഥിതി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി സ്ത്രീകളാണ് പാടം കൃഷിക്കായി ഒരുക്കിെയടുത്തത്. പാടവരമ്പ് ഉള്‍പ്പെടെ തൊഴിലുറപ്പ് കൂട്ടായ്‌മയിലെ വനിതകളാണ് രൂപപ്പെടുത്തുന്നത്. വര്‍ഷങ്ങളായി പുല്ലും പോളയും മൂടി പാടം ഉപയോഗശൂന്യമായ നിലയിലായിരുന്നു.
















