കൊല്‍ക്കത്ത: എടികെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ടെഡി ഷെറിങ്ഹാമിനെ പുറത്താക്കി. ഐഎസ്എല്‍ മത്സരത്തിനിടെ എടികെ താരങ്ങള്‍ ചെന്നൈയിന് എഫ്സി താരങ്ങളുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതാണ് ടീമിനു പുറത്തേക്കുള്ള കോച്ചിന്റെ വഴി തുറന്നത്. സഹ പരിശീലകന് ആഷ്ലി വെസ്റ്റ്വുഡിനെ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചിട്ടുണ്ട്. ഷെറിങ്ഹാമിന് കീഴില്‍ കളിക്കാനിറങ്ങിയ പ്രതിരോധ വീരന്മാര്ക്ക് പത്തില്‍ നാല് മത്സരങ്ങളില്‍ തോല്‍വിയും മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ 10 ടീമുകളുള്ള പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ടീം പിന്തള്ളപ്പെട്ടു.
ഷെറിങ്ഹാം ഇനി ടീമിന്റെ പരിശീലകനായി തുടരില്ലെന്നും വെസ്റ്റ്വുഡ് ഇടക്കാല പരിശീലകനായി സ്ഥാനമേറ്റുവെന്നും ടീം ഉടമകളില്‍ ഒരാളായ ഉത്സവ് പരേക്ക് മാധ്യമങ്ങളോട് പറഞ്ഞു. ടീമിന്റെ സിഇഒയുമായി ആലോചിച്ച് ഉടന്‍ വിഷയത്തില്‍ ഔദ്യോഗിക തീരുമാനം പ്രഖ്യപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്ഹാംഹോട്സ്പൂര് സ്ട്രൈക്കറായ ഷെറിങ്ഹാം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എടികെ പരിശീലകനായി സ്ഥാനമേറ്റത്. എടികെയ്ക്ക് എട്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇനിയും മികച്ച ഫോമിലേക്കെത്താത്ത ടീമിനെ പരിശീലിപ്പിക്കുക എന്ന കഠിനമേറിയ ജോലിയാണ് വെസ്റ്റ് വുഡിനുള്ളത്.എന്നാല്‍ ബെംഗളരു എഫ്സിയെ രണ്ട് വട്ടം ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകന് കൂടിയാണ് വെസ്റ്റ് വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: