കൊച്ചി/പറവൂര്‍: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നടത്തിയ പണിമുടക്ക് ജനത്തിന് ദുരിതമായി. സ്വകാര്യ ബസുകളും ഓട്ടോ- ടാക്സി സര്‍വീസുകളും നിരത്തില്‍ നിന്നും വിട്ടു നിന്നപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി.
കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ ജനറല്‍ കണ്‍ട്രോളിംങ് ഇന്‍സ്പെക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചത് വിവാദമായി. ജീവനക്കാര്‍ ജോലിക്ക് തയ്യാറായി വന്നാല്‍ പോലീസ് സംരക്ഷണയില്‍ സര്‍വ്വീസ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍, സമരാനുകൂലികളുടെ ഭീക്ഷണിക്കു മുമ്പില്‍ മാനേജ്മെന്റ് മുട്ടുമടക്കിയെന്നാണ് ജീവനക്കാരുടെ ആരോപണം. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജീവനക്കാരാണ് ജോലിക്കെത്തിയത്. സര്‍വീസ് നിര്‍ത്തിയത് യാത്രക്കാര്‍ക്ക് ദുരിതമായി. മേഖലാ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് വിശദീകരണം.
വിനോദ സഞ്ചാരത്തിനെത്തിയ ആന്ധ്രാസംഘം പണിമുടക്കില്‍ വലഞ്ഞത് മണിക്കൂറുകള്‍. റെയില്‍വെ ഉദ്യോഗസ്ഥനായ ആന്ധ്രാ സ്വദേശി സുരേഷും കുടുംബവമാണ് നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൈക്കുഞ്ഞ് അടക്കമുള്ളവരുമായി സംഘം നോര്‍ത്ത് റെയ്ല്‍വെ സ്റ്റേഷനില്‍ ഇറങ്ങിയത്. നോര്‍ത്തില്‍ നിന്നും കതൃക്കടവിലേക്ക് 2000 രൂപയാണ് ഒരു കാര്‍ ഡ്രൈവര്‍ പറഞ്ഞ കൂലി. ഇത് പിന്നീട് 1500 ആക്കിയെങ്കിലും സുരേഷ് വഴങ്ങിയില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ റെയ്ല്‍വെയുടെ കോണ്ട്രാക്റ്റ് വാഹനത്തിലാണ് ഇവരെ താമസ സ്ഥലത്തെത്തിച്ചത്. കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറ് കുട്ടികളും എട്ട് മുതിര്‍ന്നവരുമായിരുന്നു സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: