ഗവര്‍ണര്‍മാര്‍ തങ്ങളുടെ വാല്യക്കാരാണ് എന്ന തരത്തിലാണ് ചില സംസ്ഥാനങ്ങള്‍ ചിന്തിക്കുന്നത്. തങ്ങള്‍ പറയുന്നത് അനുസരിക്കുക, എഴുതിക്കൊടുക്കുന്ന ഫയലുകളില്‍ ഒപ്പിടുക, എന്ത് അതിക്രമങ്ങള്‍ നടന്നാലും പ്രതികരിക്കാതിരിക്കുക തുടങ്ങിയവയാണ് ഗവര്‍ണര്‍മാരില്‍ നിന്ന് ഇത്തരക്കാര്‍ പ്രതീക്ഷിക്കുന്നത്. അതില്‍നിന്ന് എന്തെങ്കിലും വ്യതിയാനമുണ്ടായാല്‍ അവര്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ ആയുധമെടുക്കുന്നു. സാധാരണഗതിയില്‍ ശാരീരികമായി ആക്രമിക്കാന്‍ സാഹചര്യം അനുവദിക്കാത്തതുകൊണ്ടു മാത്രം അതിന് മുതിരുന്നില്ല എന്നേയുള്ളൂ. തങ്ങളുടെ ഗുമസ്തപ്പണി ചെയ്യാനുള്ള വ്യക്തിയായി ഗവര്‍ണറെ കാണുന്നതും തദനുസൃതമായി പ്രസ്താവങ്ങള്‍ നടത്തുന്നതും നമ്മുടെ ജനാധിപത്യ വിശ്വാസങ്ങളെ എത്രമാത്രം അപമാനിക്കും എന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് വേവലാതിയില്ല.
കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവര്‍ണര്‍ക്കെതിരെ ഭരണകക്ഷിയും മറ്റും കൊമ്പുകോര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ജനങ്ങളെ സേവിക്കാനുള്ള അവസരം ഏതൊക്കെ തരത്തില്‍ വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നതാണ് നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. അങ്ങനെയെങ്കിലേ അത് നയപ്രഖ്യാപനമാവുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഇടതു സര്‍ക്കാരിന്റെ ദുഷ്ടലാക്കും രാഷ്ട്രീയ വക്രബുദ്ധിയുമാണ് പ്രവര്‍ത്തിച്ചത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത കേന്ദ്ര ഭരണത്തെ അങ്ങേയറ്റം പുലഭ്യം പറയാനും ഇകഴ്ത്തിക്കാട്ടാനുമായിരുന്നു നയപ്രഖ്യാപനത്തിലൂടെ ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. ഒളിയമ്പുകളും നേരിട്ടുള്ള രാഷ്ട്രീയ ആക്രമണങ്ങളും വലിയ തോതില്‍തന്നെ രേഖയില്‍ മുഴച്ചു നിന്നു.
കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ഇഴയടുപ്പത്തിന്റെ മധ്യവര്‍ത്തിയെന്ന നിലയില്‍ നിഷ്പക്ഷ സമീപനം കൈക്കൊള്ളുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രീയ ദുശ്ശാഠ്യങ്ങള് ഒഴിവാക്കുകയാണുണ്ടായത്. കവലപ്രസംഗമല്ല നിയമസഭയിലെ നയപ്രഖ്യാപനം എന്ന് ജസ്റ്റിസ് സദാശിവത്തെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ എന്തെന്നും അത് എങ്ങനെയൊക്കെയാണ് നടപ്പാക്കാന്‍ പോകുന്നതെന്നും നയരേഖയിലുള്ളത് കൃത്യമായി അദ്ദേഹം വ്യക്തമാക്കി. അതിലെ രാഷ്ട്രീയ അജണ്ടകള്‍ മാന്യമായി എഡിറ്റ് ചെയ്ത് നല്ലൊരു പത്രാധിപരുടെ റോളും അദ്ദേഹം നിര്‍വഹിച്ചു. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചില്ലെന്ന രീതിയില്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കത്തിപ്പടരുകയാണ്. നിയമസംഹിതകള്‍ ഇഴകീറിപ്പഠിക്കുകയും അതിനനുസരിച്ച് സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്ത ഒരു ന്യായാധിപനെക്കുറിച്ച് ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ നേതൃത്വം പ്രതിഷേധമുയര്‍ത്തിയാല്‍ അപഹാസ്യമാവുകയേ ഉള്ളു.
നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വായിക്കാതെ വിടുന്നതും പിന്നീട് സര്‍ക്കാര്‍ അത് കൂട്ടിച്ചേര്‍ക്കുന്നതും പാര്‍ലമെന്ററി ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്. സുഖ്ദേവ്സിങ് കാങ് ഗവര്‍ണറായിരിക്കുമ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലൊരു വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം അന്ന് ഗവര്‍ണര്‍ വായിക്കാതെ വിടുകയായിരുന്നു. 1969 ല്‍ പശ്ചിമബംഗാളിലെ അജോയ്കുമാര്‍ മുഖര്‍ജി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ഇത്തരം സംഭവഗതികളുണ്ടായി. 1967 ല്‍ താന്‍ തന്നെ പിരിച്ചുവിട്ട സര്‍ക്കാരിനു വേണ്ടിയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയത്. അതില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അത് വായിക്കാതെ വിട്ടു. പിന്നീട് സഭയില്‍ പ്രമേയം പാസ്സാക്കി അത് അംഗീകരിക്കുകയായിരുന്നു. ജനാധിപത്യ സംവിധാനങ്ങളെ മാനിക്കുകയും അത്തരം സംവിധാനങ്ങളെ രാഷ്ട്രീയ ദുഷ്ടലാക്കോടെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. മാനവികതയുടെ പ്രകാശമാനമായ മുഖം വാടാനേ അത് വഴിവെക്കൂ. അല്പമെങ്കിലും സഹിഷ്ണുത ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: