കാക്കനാട്: നിരോധിച്ച പ്ലാസ്റ്റിക് സംഭരിച്ച് കയറ്റി അയയ്ക്കാന്‍ തൃക്കാക്കര നഗരസഭ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ഒരു വര്‍ഷം മുമ്പ് പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും നഗരസഭ മാലിന്യ സംസ്കരണത്തിനായി ചെലവഴിക്കുന്ന തുകയുടെ 80 ശതമാനവും പ്ലാസ്റ്റിക് കയറ്റി അയയ്ക്കാനാണ് ഉപയോഗിക്കുന്നത്. പ്രതിമാസം ഏഴ് മുതല്‍ എട്ട് ലക്ഷം വരെയാണ് ചെലവഴിക്കുന്നത്. നഗരസഭ പ്രദേശത്ത് നിന്ന് കുടുംബശ്രീ ശുചീകരണ തൊഴിലാളികളാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചത്. സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനമായിരുന്നു നഗരസഭ തീരുമാനം. നിരോധിച്ച പ്ലാസ്റ്റിക്ക് ശേഖരിക്കില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് മുനിസിപ്പല്‍ നിയമ പ്രകാരം 5,000 മുതല്‍ 10,000 രൂപ വരെ ചുമത്താനും നഗരസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ മാത്രം കരാറുകാരന് മുഖേന പ്ലാസ്റ്റിക് കയറ്റി അയയ്ക്കാന്‍ നഗരസഭ ചെലവഴിച്ചത് 7,70,500 രൂപയാണ്. കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ മുഖേന ആഴ്ചയില്‍ 30- 35 ടണ്‍ പ്ലാസ്റ്റിക് ശേരിക്കുന്നതായാണ് നഗരസഭയുടെ കണക്കുകള്‍. ഷ്രെഡിങ് കെട്ടിടത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ആഴ്്ചയില്‍ രണ്ടോ മൂന്നോ പ്രവശ്യം കയറ്റിക്കൊണ്ട് പോകുന്നുണ്ട്.
പാലക്കാട്ടേക്ക് കയറ്റിക്കൊണ്ട് പോകാന്‍ പ്ലാസ്റ്റിക് കിലോ 5.45 രൂപയാണ് നിരക്ക്് നിശ്ചയിച്ചിരിക്കുന്നത്. നിരോധനം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നഗര പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍. നഗരസഭ പ്രദേശത്തെ ഭക്ഷണാവശിഷ്ട മാലിന്യങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ് കയറ്റി വിടുന്നതിന്. ടണ്ണിന് 900 രൂപ കോര്പ്പറേഷന് നഗരസഭ നല്‍കണം. ദിവസവും ശരാശരി എട്ട് മുതല്‍ പത്ത് ടണ്‍ വരെ ഭക്ഷണാവശിഷ്ടങ്ങളാണ് നഗരസഭ ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ദിവസവും ബ്രഹ്മപുരത്തേക്ക് ലോറികളില്‍ എത്തിക്കാന്‍ നഗരസഭക്ക് ശരാശരി 10,000 രൂപ വേണ്ടി വരും.
ഹോട്ടലുകളിലും വാണിജ്യ സ്ഥാപനങ്ങളിലും നിന്ന് പുറന്തള്ളുന്ന മാലിന്യത്തില്‍ നിരോധിത പ്ലാസ്റ്റിക്കുകളാണ് ഏറെയും. ഇതോടെ നഗരസഭ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം കടലസില് ഒതുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: