ആലുവ: ആലുവയെ നടുക്കിയ മൂന്ന് കവര്‍ച്ചകളില്‍ നിന്നായി ആലുവ പോലീസിന് ലഭിച്ചത് വിരലടയാളങ്ങള്‍ മാത്രം. വിരലടയാളങ്ങളുമായി അന്വേഷണ സംഘം മോഷ്ടാക്കള്‍ക്കായി നെട്ടോട്ടമോടുകയാണ്. ഒരാഴ്ച്ചക്കിടെയാണ് ആലുവയില്‍ മൂന്ന് കവര്‍ച്ചകള്‍ നടന്നത്.
പൂട്ടികിടന്ന വീട് കുത്തിതുറന്ന് 122 പവന് സ്വര്ണ്ണഭാരണം കവര്‍ന്ന സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച്ചയാണ്. ഒരാഴ്ച്ച തികയും മുമ്പാണ് ചെറിയ രണ്ട് കവര്‍ച്ചകള്‍ കൂടി നഗര മധ്യത്തില്‍ നടന്നത്. ആദ്യ കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും ഒരാളുടെയും ഒന്നര ലക്ഷം രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കവര്‍ന്ന കടയില്‍ നിന്നും ലഭിച്ച രണ്ട് പേരുടെയും വിരലടയാളമാണ് പോലീസിന് ലഭിച്ചത്. ലോഡ്ജില്‍ നിന്നും 13,000 റിയാല്‍ കവര്‍ന്ന കേസില്‍ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
മഹിളാലയം കവലയില്‍ പടിഞ്ഞാറെപറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നത് ഒന്നിലേറെ പേരുടെ സംഘമാണ്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 250ഓളം പേരുടെ വിരലടയാളങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. നേരത്തെ മോഷണക്കേസില്‍ പുറത്തിറങ്ങിയവരുടെ വിരലടയാളങ്ങളുമായി സാമ്യമുണ്ടോയെന്നും അന്വേഷിച്ചെങ്കിലും നിരാശമാത്രമായിരുന്നു ഫലം. ലോഡ്ജില്‍ നിന്നും ലഭിച്ച സിസി ടിവി ദൃശ്യത്തില്‍ കാണുന്ന ആളിനെയും ഇതുവരെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: