തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള പോര് കോണ്‍ഗ്രസ്സിന് തലവേദനയാകുന്നു. പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ജോണ്ജേക്കബും വൈസ് പ്രസിഡന്റ് മിനി ദിവാകരനും കഴിഞ്ഞദിവസം ഏറ്റമുട്ടിയിരുന്നു. വനിതാ വൈസ് പ്രസിഡന്റിനെ പ്രസിഡന്റ് തല്ലിയതായാണ് ആക്ഷേപമുയര്‍ന്നത്. നേരത്തെയും ആരോപണ വിധേയനായ ജോണ്‍ ജേക്കബിനെ മാറ്റാനുള്ള നീക്കവും സജീവമായി.
കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് കേസ് കൊടുക്കുന്നതില്‍ നിന്ന് വൈസ് പ്രസിഡന്റിനെ പിന്തിരിപ്പിച്ചെങ്കിലും പഞ്ചായത്ത് ഭരണം വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലാകുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ് കെപിസിസിക്കു പരാതി നല്‍കിയിട്ടുണ്ട്.മാസങ്ങള്‍ക്കു മുന്‍പ് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷീന സുനിലിനെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ ജോണ്‍ ജേക്കബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ പോലും പ്രസിഡന്റ് അധിക്ഷേപിക്കുന്ന സമീപനമാണ് പഞ്ചായത്തില്‍ എന്ന് അംഗങ്ങള്‍ തുറന്നു സമ്മതിക്കുന്നു. ഭരണമാറ്റം ഉണ്ടായാല്‍ വികസനകാര്യ സമിതി അധ്യക്ഷനായിരുന്ന ടി.പി. ഷാജിക്ക് ആണ് മുന്‍ഗണന. പഞ്ചായത്ത് പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നും പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജു പി. നായരും ബ്ലോക്ക് പ്രസിഡന്റ് സി.വിനോദും ബ്ലോക്ക് ഭാരവാഹികളും കെപിസിസിക്കും ഡി.സി.സി.ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: