കഴക്കൂട്ടം: അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിടിച്ചു മരിച്ച സുഹൃത്തിന് സഹപാഠികള്‍ കണ്ണീരോടെ വിട നല്‍കി. സ്‌കൂട്ടര്‍ യാത്രികനായ കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി അജിത്ത്കുമാറിനാണ് സഹപാഠികള്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ദേശീയപാതയില്‍ കാര്യവട്ടം ക്യാമ്പസിനു സമീപം അമ്പലത്തിന്‍കരയിലായിരുന്നു അപകടം.
ഇടുക്കി വണ്ടിപെരിയാര്‍ പീരുമേട് മഞ്ചുമല ചതമ്പല്‍ എസ്റ്റേറ്റിലെ മണിയമ്മയുടെയും പരേതനായ പനീര്‍ശെല്‍വത്തിന്റെയും മകനാണ് കാര്യവട്ടം ക്യാംപസില്‍ ഡമോഗ്രഫി വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന അജിത്കുമാര്‍ (36). ഒപ്പമുണ്ടായിരുന്ന ജേര്‍ണലിസത്തില്‍ ഗവേഷണം നടത്തുന്ന അഞ്ചല്‍ സ്വദേശി പ്രദീപ് (30) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍കോളേജ് തീവ്രപരിചരണത്തില്‍ ചികിത്സയിലാണ്.
ബുധന്ഴാച രാത്രി 11.30 നായിരുന്നു അപകടം. ജനുവരിയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിക്കേണ്ട തിരക്കിലായിരുന്ന അജിത്കുമാര്‍. 11 മണിയോടെ സുഹൃത്ത് പ്രദീപുമായി അമ്പലത്തിന്‍കരയുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ തിരിച്ചു കലാലയത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സംഭവം നടന്ന ഉടന്‍ കണ്ടക്ടറും ഡ്രൈവറും ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരും കലാലയ വിദ്യാര്‍ഥികളും ചേര്‍ന്ന് 108 ആംബുലന്‍സില്‍ മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെ അജിത്കുമാര്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ ഉച്ചയോടെ മൃതദേഹം കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സ്വദേശമായ ഇടുക്കിയിലേക്കു കൊണ്ടുപോയി.
















