ആലുവ: മഹിളാലയത്തിന് സമീപം പടിഞ്ഞാറെ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും 120 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം നിലച്ചു. സൂചനകളൊന്നും ലഭിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് അന്വേഷണം ഭാഗീകമായി നിലച്ച അവസ്ഥയിലാണ്.
കേസ് അന്വേഷണ ചുമതലയുള്ള ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന് സ്ഥലത്തില്ലാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മതം മാറ്റി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും സംഘവും ബംഗ്ളൂരുവിലാണ്. ഇന്നലെ രാവിലെയാണ് സ്വകാര്യ വാഹനത്തില്‍ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി സംഘം ബംഗ്ളൂരുവിലേക്ക് തിരിച്ചത്. ഒന്‍പത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കിയ ശേഷമെ കവര്‍ച്ച കേസ് അന്വേഷണത്തിന് വേഗതയുണ്ടാകുവെന്ന് കരുതുന്നു. മതം മാറ്റ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ബംഗ്ളൂരു, മാഹി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച 200 ഓളം പേരുടെ വിരലടയാളം കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഡിവൈ.എസ്.പിയുടെ സ്ക്വാഡ് ശേഖരിച്ച വിരലടയാളങ്ങള്‍ വിരലടയാള വിദഗ്ധരാണ് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: