ആലുവ: സൗന്ദര്യവത്കരണം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതം. മേല്‍പ്പാലത്തിന് താഴെ പലഭാഗത്തായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ ദേശീയപാതയുടെ സമാന്തര റോഡിലേക്ക് ഇറക്കി കൂട്ടിയിട്ടിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ മുകളിലൂടെ കുതിച്ചുപായുമ്പോഴാണ് മെട്രോ പാതയുടെ കീഴില്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നത്. മഴ മാറി നില്ക്കുന്നതിനാല് മാലിന്യങ്ങള്‍ റോഡില്‍ നിറഞ്ഞൊഴുകാത്തത് ജനങ്ങള്‍ക്ക് അനുഗ്രഹമാണ്. മെട്രോയുടെ ഭാഗമായി ആലുവ ബൈപ്പാസ് മുതല്‍ പുളിഞ്ചോട് വരെയുള്ള ഭാഗത്ത് 10 കോടിയോളം രൂപയുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സമാന്തര റോഡിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായുള്ള ടൈല്‍വിരിച്ച നടപ്പാത, കാഴ്ച്ചയില്ലാത്തവര്ക്കായുള്ള പ്രത്യേക നടപ്പാതകള്‍, പൂന്തോട്ടം എന്നിങ്ങനെ അതിമനോഹരമായ പദ്ധതികളാണ് ഒരു ഭാഗത്ത് നടക്കുന്നത്. മേല്‍പ്പാലത്തിന് അടിയില്‍ മാലിന്യം തള്ളിയിരുന്നതും കാളചന്തയായുമൊക്കെ ഉപയോഗിച്ചിരുന്ന സ്ഥലം ടൈല്‍ വിരിച്ച് മനോഹരമാക്കി പാര്‍ക്കിംഗ് സൗകര്യവുമൊരുക്കുകയാണ്. നേരത്തെ ഇവിടെയാണ് പരിസരത്തെ കച്ചവടക്കാര്‍ മാലിന്യം കൂട്ടിയിട്ടിരുന്നത്.
സൗന്ദര്യ വത്കരണ ജോലി കരാറെടുത്തിട്ടുള്ളവര്‍ പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുറച്ചുനാള്‍ മുമ്പ് മാലിന്യം നീക്കാന്‍ സ്വകാര്യ വ്യക്തിക്ക് താത്കാലിക കരാര്‍ നല്‍കിയിരുന്നു. കെട്ടി കിടന്ന മാലിന്യം നീക്കം ചെയ്തെങ്കിലും വീണ്ടും കരാര്‍ പുതുക്കാത്തതിനാല്‍ പിന്നീട് വന്ന മാലിന്യം അങ്ങനെ തന്നെ കിടക്കുന്ന സാഹചര്യമുണ്ടായി. ഇവ പിന്നീട് മെട്രോ കരാറുകാര്‍ ജെ.സി.ബി ഉപയോഗിച്ചും മറ്റും റോഡിലേക്ക് തള്ളിയിറക്കിയാണ് സൗന്ദര്യവത്കരണ ജോലികള്‍ മുന്നോട്ട് കൊണ്ടുപോയത്.
ഇപ്പോഴും സൗന്ദര്യവത്കരണ ജോലികള്‍ തുടരുകയാണ്. മാലിന്യമാണെങ്കില്‍ സമാന്തര റോഡിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. ടൈല്‍ വിരിച്ച ഭാഗത്തും യഥാസമയം ശുചീകരണ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഇവിടെയും വേഗത്തില്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. സൗന്ദര്യവത്കരണം നടന്ന ഭാഗത്തും അല്ലാത്തിടത്തുമെല്ലാം കാല്‍നട യാത്രക്കാര്‍ ഇപ്പോള്‍ മൂക്കുംപൊത്തി പോകേണ്ട അവസ്ഥയിലാണ്. കോടികള്‍ മുടക്കി മെട്രോ സൗന്ദര്യവത്കരണം നടത്തുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ബാധ്യത പോലും നഗരസഭ കാണിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: