കൊച്ചി: നാലു വയസ്സുകാരിയെ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കാമുകന് വധശിക്ഷ. തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്തിനെ(32)യാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
കുട്ടിയുടെ അമ്മ റാണി(28), സുഹൃത്തും മറ്റൊരു കാമുകനുമായ തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. തടവ് ശിക്ഷ കൂടാതെ മൂവരും പിഴയും അടയ്ക്കണം.
കാമുകനുമായി ജീവിക്കാന്‍ തടസ്സമായ മകളെ അമ്മയും പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കേസില്‍ രഞ്ജിത് അടക്കം മൂന്നു പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈയില്‍ കരുതിയിരുന്ന വിഷക്കായ കഴിച്ച് ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി റാണി അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസ്സമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.
പിന്നീട് മകളെ കാണാനില്ലെന്ന് കാട്ടി റാണി തന്നെ ചോറ്റാനിക്കര പോലീസില്‍ പരാതിയും നല്കി. സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: