മുംബൈ: ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. തീരസംരക്ഷണ സേനയും നാവികസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ കാര്‍വാറില്‍ നിന്നെത്തിയ ഐഎന്‍എസ് മക്കാറും, തീരസംരക്ഷണ സേനയുടെ ഐസിജിഎസ് സാമ്രാട്ടും സേനയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
രണ്ടുകപ്പലുകള്‍ കൂട്ടിച്ചേര്‍ത്ത ഹൈഡ്രോഗ്രാഫിക് (ജലമാപക) കപ്പലാണ് ഐഎന്‍എസ് മക്കാര്‍. കൂടാതെ ഇന്നലെ ഐഎന്‍എസ് തെരേസ, യുദ്ധക്കപ്പലായ ഐഎന്‍എസ് ടെഗ് എന്നിവയും തീരസംരക്ഷണസേനയുടെ സമുദ്ര പ്രഹരി, അച്ചൂക്ക്, അഗ്രിം എന്നിവയും ചേര്‍ന്നാണ് കാണാതായ ജീവനക്കാര്‍ക്കും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കുമായി തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് മുംബൈ ജുഹുവിലെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഒഎന്‍ജിസിയുടെ പവര്‍ഹാന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരും അഞ്ചു ജീവനക്കാരും ഉള്‍പ്പെടെ ഏഴുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മരിച്ചവരില്‍ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു.
















