ന്യൂദല്‍ഹി: നാലുജസ്റ്റീസുമാരുടെ പത്രസമ്മേളനത്തോടനുബന്ധിച്ചുയരുന്ന വാര്‍ത്തകള്‍ക്കു ‘പിന്നിലെ വാര്‍ത്തകള്‍’ കൂടുതല്‍ ഗൂഢാലോചനകളുടെ ചുരുളഴിക്കുന്നു. സുപ്രീം കോടതിയുടെ ഭരണ നിര്‍വഹണം തകരാറിലായെന്ന പരാതി ഉയര്‍ത്തി പത്രമ്മേളനം നടത്തിയ നാലുപേരില്‍ രണ്ടു പേര് നിലപാടു മാറ്റി. സംഭവത്തിനു പിന്നില്‍ സിബിഐക്കോടതി ജഡ്ജ് ലോയയടെ മരണം ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ പദ്ധതിയും ആസൂത്രണവും ഒന്നൊന്നായി പുറത്തുവരുന്നു. രാഷ്ട്രീയക്കാരുടെയും ചില നിക്ഷിപ്ത താല്പര്യക്കാരുടെയും കൈ ജസ്റ്റീസുമാരുടെ പത്രമ്മേളനത്തിനു പിന്നിലുണ്ടെന്നത് കൂടുതല്‍ തെളിയുകയാണ്.
പത്രസമ്മേളനത്തില്‍ ചില മാദ്ധ്യമ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ചോദിച്ചത് ശ്രദ്ധേയമായിരുന്നു. ഷൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസുകേട്ട സിബിഐകോടതിയിലെ ജഡ്ജ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി സംഭവ വികാസങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നായിരുന്നു. ഇതിന് ജസ്റ്റീസുമാര്‍ മറുപടി പറയാന്‍ തയ്യാറല്ലായിരുന്നു. പക്ഷേ, അതുമുണ്ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചതും പറയാതെ പറയിച്ചതും ജസ്റ്റീസുമാര്‍ ചീഫ് ജസ്റ്റീസിനു നല്കിയ കത്തില്‍ ആ സംഭവവും ഉണ്ണെന്ന് ആദ്യം പ്രചരിപ്പിച്ചതും പത്രസമ്മേളനത്തില്‍ ‘ക്ഷണിക്കാതെ പങ്കെടുത്ത’സാമൂഹ്യ പ്രവര്‍ത്തകരുടെ മേലങ്കിയണിഞ്ഞ ചിലരായിരുന്നു. അഭിഭാഷകകൂടിയായ ഇന്ദിരാ ജയ്സിങ്ങ്, ദുഷ്യന്ത് ദവെ തുടങ്ങിയവരായിരുന്നു ഇവരില്‍ മുമ്പില്‍.
ഇന്ദിരാ ജയ്സിങ്ങിനെ പോലുള്ളവര്‍ ഈ മുഴുവന്‍ സംഭവങ്ങളിലും ഇടപെട്ട് കളിച്ചതെങ്ങനെയെന്ന് വെളിപ്പെടുകയാണ് അനുനിമിഷം. ജഡ്ജ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്കിയ തെഹ്സീന്‍ പൂനാവാലാ ടൈംസ് നൗ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇതെല്ലാം ശരിവെക്കുന്നു.
”കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലാണ് വന്നിരിക്കുന്നത്, അവിടെനിന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശപ്പെടാന്‍ എന്നെ മുതിര്‍ന്ന നിയമോപദേശകന് ഏറെ സമ്മര്‍ദ്ദം ചെയ്തു,” പൂനാവാല പറഞ്ഞു. ദുഷ്യന്ത് ദവെയാണ് ആ മുതിര്‍ന്ന അഭിഭാഷകന്. അരുണ്‍ മിശ്ര ചീഫ്ജസ്റ്റീസിന്റെ രാഷ്ട്രീയ കിങ്കരനാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്ലതല്ലെന്നും കേസ് അവിടെ കേള്‍ക്കരുതെന്നും നിര്‍ബന്ധിച്ചു.
പൂനവാല പറയുന്നതിങ്ങനെ:
– ആദ്യമാദ്യം കേസ് സുപ്രീം കോടതിയില്‍ വാദിക്കാമെന്ന് ദുഷ്യന്ത് ദവെ സമ്മതിച്ചു. ബെഞ്ച് അരുണ്‍ മിശ്രയുടേതാണെന്നറിഞ്ഞപ്പോള് കേസ് പിന്‍വലിക്കാമെന്നും പകരം ബോംബെ ഹൈക്കോടതിയില്‍ കേള്‍ക്കാമെന്നും പറഞ്ഞു.
– ഞാന്‍ അനുസരിക്കുന്നില്ലെന്നു വന്നപ്പോള്‍ ദവെ എന്നോട് പിണങ്ങിയിറങ്ങി കോടതിയില്‍ സ്വയം വാദിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിച്ചു.
– വെള്ളിയാഴ്ച കോടതിയില്‍ കേസ് കേള്‍ക്കവേ, കേസില്‍ ആരുടെയും വക്കാലത്തില്ലാത്ത ദവെ, കേസ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു.
– മറ്റൊരു മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങും സുപ്രിം കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷിച്ചത് കൗതുകകരമായി.
പൂനവാലയുടെ വെളിപ്പെടുത്തലുകള്‍ വന്‍ ഗൂഢാലോചനകളിലേക്കാണ് സൂചന നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: