ബംഗളൂരു: കാവേരി വീണ്ടും കത്തുമോ? കര്‍ണ്ണാടത്തില്‍ തെരഞ്ഞെടുപ്പടുത്തിരിക്കെ മറ്റെല്ലാ അടിത്തറയും നഷ്ടമായ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടിയും കാവേരി കാര്‍ഡിറക്കി വെള്ളത്തിന് തീപ്പിടിപ്പിച്ചേക്കുമെന്ന് സംശയം. സംസ്ഥാനത്തെ സംഘര്‍ഷത്തിലാക്കാനുള്ള അവസരമായും ഇതു വിനിയോഗിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഇതിന്റെ തുടക്കമായാണ് കാവേരി നദീജലം തുള്ളിപോലും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചതെന്ന് കരുതപ്പെടുന്നു.
കാവേരി നദീ ജലം തമിഴ്നാടിന് തുള്ളിപോലും നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പതിനയ്യായിരം ദശലക്ഷം ഘനയടി ജലം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഇ. കെ. പളനി സ്വാമി എഴുതിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
”ഞങ്ങള്ക്കാവശ്യത്തിനു വെള്ളമില്ല, പിന്നെങ്ങനെ മറ്റുള്ളവര്‍ക്ക് കൊടുക്കും? തമിഴ്നാടിന് വെള്ളം കൊടുക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.
കാവേരി കേസ് അടുത്തമാസം ആദ്യം സുപ്രീം കോടതിയില്‍ പരിഗണിക്കാനിരിക്കയാണ്. വിധി കര്‍ണ്ണാടകത്തിന് അനുകൂലമായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് ഏതാനും മാസത്തിനകം നടക്കും. മുഖ്യമന്ത്രിയുടെ ഭരണ വീഴ്ചകളും ക്രമസമാധാനവും ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങളും ജനവികാരം എതിരാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുത്തലാഖ് വിരുദ്ധ ബില്ലിനെ എതിര്‍ക്കാനുള്ള തീരുമാനം ന്യൂനപക്ഷ സ്ത്രീ വിരുദ്ധ നിലപാടായും പ്രചരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജനവികാരം മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ കോണ്‍ഗ്രസും മുഖ്യമന്ത്രിയും കാവേരി തര്‍ക്കത്തിന് തീപ്പിടിപ്പിച്ചേക്കുമെന്നാണ് പലരും ഭയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: