മാവേലിക്കര: സംസ്ഥാന പരീക്ഷാ ഭവന് നടത്തിയ കെ റ്റെറ്റ് സംസ്കൃത പരീക്ഷയുടെ ഉത്തരസൂചികയില്‍ വ്യാപകമായി തെറ്റുകള്‍. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലാണ് തെറ്റുകള്‍. ഭഗവത്ഗീതയില്‍ എത്ര അധ്യായങ്ങളുണ്ട് എന്ന ചോദ്യത്തിന് ഉത്തരം 28 എന്നാണ്. പക്ഷെ 18 ആണ് ശരി. ഓപ്ഷനില്‍ ഇതില്ല.
സംസ്കൃതോത്സവത്തില്‍ ഉള്‍പ്പെട്ട മത്സരം ഏതെന്ന ചോദ്യത്തിന് പരീക്ഷാഭവന് കണ്ടെത്തിയിരിക്കുന്ന ഉത്തരം ചാക്യാര്‍കൂത്ത് എന്നാണ്. എന്നാല്‍ ശരിയുത്തരം പാഠകം. ഭാഷാപഠനം എങ്ങനെ തുടങ്ങുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമായി നല്‍കിയിരിക്കുന്നത് ഭാഷണമെന്നാണ്. ശരിയായ ഉത്തരം ശ്രവണം. ഭാഷാ പഠനത്തിന്റെ മാനദണ്ഡമനുസരിച്ച് ആദ്യം കേള്‍ക്കുക, തുടര്‍ന്ന് സംസാരിക്കുക, വായിക്കുക, എഴുതുക എന്ന രീതിയാണ് ഇവിടെ തെറ്റായി നല്‍കിയത്.
ജ്യോതിശ്ശാസ്ത്രത്തില്‍ കര്‍ക്കിടകം മുതല്‍ ആറ് മാസം ഏതു കാലമാണെന്ന ചോദ്യത്തിന്റെ ശരിയുത്തരം ദക്ഷിണായനകാലമെന്നാണ്. എന്നാല്‍ പരീക്ഷാഭവന് കണ്ടെത്തിയിരിക്കുന്ന ഉത്തരം ഉത്തരായനമെന്നും. ഇങ്ങനെ മുപ്പതോളം തെറ്റുകളാണ് കടന്നുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: