പാലക്കാട്: ജലസമരത്തിന്റെ കഥകള്‍ കേട്ട പ്ലാച്ചിമടയുടെ നാട്ടില്‍ നിന്ന് ഇനി ജൈവകൃഷി വിപ്ലവത്തിന്റെ കഥകള്‍ക്ക് കാതോര്‍ക്കാം. പരമ്പരാഗത ഗോക്കളിലൂടെ രാജ്യത്തിന്റെ ജൈവകാര്‍ഷിക പാരമ്പര്യം തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാതൃകാ ഗോശാല പദ്ധതിക്ക് പെരുമാട്ടിയില്‍ തുടക്കമായി. ദേശീയ ഗോകുല മിഷന് ആവിഷ്ക്കരിച്ച പദ്ധതി സംസ്ഥാന ലൈവ് സ്റ്റോക്ക് ബോര്‍ഡാണ് നടപ്പാക്കുന്നത്.
പെരുമാട്ടി പഞ്ചായത്തിലെ ജലസമൃദ്ധമായ കമ്പാലത്തറ ഏരിയ്ക്ക് സമീപത്തെ അഞ്ചേക്കര്‍ സ്ഥലത്താണ് കേരളത്തിലെ മാതൃകാ ഗോശാലയുടെ ആദ്യത്തെ യൂണിറ്റ് . 2.43 കോടിയാണ് ചെലവ്. ചിറ്റൂരിലെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ 19 ഫാമുകള്‍കൂടി ഘട്ടം ഘട്ടമായി തുടങ്ങും. ഇരുപത് ഗോശാലകളില്‍ 1000 പരമ്പരാഗത ഗിര്‍ പശുക്കളെ സംരക്ഷിച്ച് ഔഷധഗുണമുള്ള പാലും ചാണകവും ഗോമൂത്രവുമെല്ലാം മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.
ക്ഷീര വിപണിയോടൊപ്പം ജൈവകൃഷിയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന നിരവധി കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതി. നാടന്‍ പശുവിന്റെ ഗോമൂത്രവും ചാണകവും പ്രധാന ചേരുവകളാകുന്ന ബീജാമൃതവും, ജീവാമൃതവും സുലഭമായി ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ജൈവകൃഷിയിലേക്കിറങ്ങാന്‍ പ്രേരണയാകും.
എ2 ഗുണനിലവാരമുള്ള പാല് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള, ഗുജറാത്ത് – മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഗിര്‍ മേഖലയില്‍ നിന്നുള്ള പശുക്കളാണ് ഗോശാലയിലെ പ്രധാന ആകര്‍ഷണം. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിവുള്ള ഇവയുടെ പാലിനും പാലുത്പ്പന്നങ്ങള്‍ക്കും വിപണിയിലുള്ള ഡിമാന്റ് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രൊജക്ട് സ്പെഷ്യല്‍ ഓഫീസര്‍ കെ.ഐ.അനി പറഞ്ഞു.
പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നല്‍കുന്നതിനുള്ള സംവിധാനങ്ങളാണ് ഗോശാലയില്‍ ഒരുക്കിയിട്ടുള്ളത്. അമ്പത് പശുക്കള്‍ വീതമുള്ളതാണ് ഓരോ ഗോശാലയും. യഥേഷ്ടം മേഞ്ഞു നടക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. കൃത്രിമ കാലിത്തീറ്റകള്‍ക്ക് വിലക്കുണ്ട് .
കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പ്രസിഡന്റായ പെരുമാട്ടി സര്‍വീസ് സഹകരണബാങ്കാണ് പെരുമാട്ടിയില്‍ പദ്ധതി നടപ്പാക്കുന്നത്. ഗോശാലയുടെ ഓരോയൂണിറ്റിനും വനിതാക്ഷീരകര്ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം.
പശുക്കളുടെ പരിചരണത്തിലും ഉത്പാദന പ്രവര്‍ത്തനങ്ങളിലും വനിതകള്‍ പ്രധാന പങ്കുവഹിക്കും. കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: