പ്രകൃതിയുടെ അടിസ്ഥാന നിയമമാണ് സനാതനധര്‍മ്മം. ഇതിനെ ഭാരതം ജീവിതത്തിന്റെ അടിസ്ഥാനമാക്കി. ഇതിന്മേല് ജീവിത തത്ത്വചിന്ത പടുത്തുയര്‍ത്തി. മനുഷ്യന് ജീവിക്കേണ്ടതു സനാതന ധര്‍മ്മത്തെയാണ് എന്നു നിശ്ചയിച്ചു.
എങ്ങനെയാണതു ജീവിക്കേണ്ടത്? ജീവിതം കര്മ്മമയമാണ്. സുഖം നേടാനും ദുഃഖം നീക്കാനുംവേണ്ടി നിരന്തരം കര്‍മ്മം ചെയ്യുന്നു. കര്മ്മത്തിന് ഇച്ഛിക്കുന്ന ഫലം കിട്ടിക്കൊണ്ടിരുന്നാല്‍ ജീവിതം സുഖപൂര്ണമാകും. ഇല്ലായ്മയില്‍ ദുഃഖമുണ്ടാകും. ഇഷ്ടഫലം എങ്ങനെ ഉറപ്പുവരുത്താം?
ഉത്ക്രാന്തി സംഭാവ്യതയാണ് (Probability). അവിടെ ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചിട്ടു നടക്കുന്നതല്ല. ഒന്നിനും പൂര്വനിര്ദ്ധാരിതമായ പദ്ധതിയില്ല. ഓരോ നിമിഷവും ഉത്ക്രമിച്ചുണ്ടായ എല്ലാ വസ്തുക്കളുടെയും- ബോധശക്തിദ്രവ്യ സംയുക്തങ്ങളുടെയെല്ലാം- പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണു അപ്പോഴത്തെ ഉത്ക്രാന്തി എങ്ങനെയിരിക്കുമെന്ന് നിശ്ചയിക്കുന്നത്. സംഭാവ്യതാസിദ്ധാന്തമാണ്( ( Probability theory) ) ജഗത്തിന്റെ യഥാര്‍ത്ഥ സിദ്ധാന്തം.
ഓരോ വ്യക്തിയും ചെയ്യുന്ന കര്‍മ്മം ഫലിക്കുന്നതും മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയ്ക്ക് വിധേയമായിട്ടാണ്. പ്രവര്ത്തകങ്ങളേയൊ പ്രവര്‍ത്തനങ്ങളെയോ മുഴുവനായി അറിയാന്‍ കഴിയില്ല. കുറച്ച് അറിയാം. അധികവും അറിയാന്‍ പറ്റാത്തവയാണ്. മാറിവരാവുന്ന അനിശ്ചിത രാശികളെ അത്യയികള് എന്നു പറയുന്നു. അറിയപ്പെട്ടവ ദൃഷ്ടാത്യയികള്; അറിയപ്പെടാത്തവ അദൃഷ്ടാത്യയികള്. ദൃഷ്ടാദൃഷ്ടങ്ങളാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്. അദൃഷ്ടം പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലമാണ് എന്ന കപടശാസ്ത്രം പഠിച്ചുവശായിരിക്കുന്നവര്ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും. ഈ ജന്മത്തില് അഴിമതിയും കൊള്ളയും വെട്ടിപ്പും നടത്തി, നിയമത്തിന്റെ കൈയിലകപ്പെടാതെ പരമാനന്ദമായി വാഴുന്നവര്‍ കഴിഞ്ഞ ജന്മത്തില് മഹാപുണ്യം ചെയ്തവരാവാന് വഴിയുണ്ടോ; മറിച്ച് ഈ ജന്മത്തില് ക്ലേശിക്കുന്ന ധര്‍മ്മിഷ്ഠന്മാര്‍ കഴിഞ്ഞ ജന്മത്തില് പാപികളായിരിക്കാന് പറ്റുമോ എന്നുചിന്തിക്കുക. യുക്തിവിചാരമാണ് ഏക രക്ഷാമാര്‍ഗം.
കര്‍മ്മം ചെയ്യാനൊരുങ്ങുമ്പോള്‍ യുക്തിയും അന്തര്വേദനവും ആര്‍ജിത ജ്ഞാനവുംകൊണ്ട് അറിയാവുന്ന അത്യയികളെ അനുകൂലമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കാം. അദൃഷ്ടങ്ങളെ എന്തു ചെയ്യും? അദൃഷ്ടാനുകൂല്യം സങ്കല്പംകൊണ്ടു മാ്രതമേ നേടാന്‍ കഴിയൂ. എന്താണു സങ്കല്പിക്കേണ്ടത്?
കര്‍മ്മം എന്നു പറയുന്നത് ഏതെങ്കിലും ഫലം കിട്ടണമെന്ന ലക്ഷ്യത്തോടെ ജഗത്തിലേക്കു ശക്തി വിട്ടയയ്ക്കലാണ്. ആ ശക്തി മുമ്പു പറഞ്ഞ സകല ബോധശക്തി ദ്രവ്യസംയുക്തങ്ങളോടും പ്രതിവര്ത്തിച്ചുവേണം ഫലപ്രാപ്തിയിലെത്താന്‍. കര്‍ത്താവിനു ഫലംകിട്ടാന്‍ അനുകൂലമായി നില്‍ക്കണമെന്ന് ഇവയ്ക്കു തോന്നാന്‍ എന്താണു കാരണം? ഈ കര്‍മ്മം തങ്ങള്‍ക്കും ഹിതകരമാണെന്ന കാഴ്ചയല്ലാതെ മറ്റൊന്നുമല്ല. അപ്പോള്‍ തന്റെ കര്‍മ്മം തനിക്കുമാത്രം ഹിതമായാല്‍ പോരാ; ജഗത്തിനു ഹിതമാകണം.
സാര്‍വലൗകികമായ പരസ്പരതകൊണ്ട് ജഗത്ത് സാമഞ്ജസ്യത്തില്‍ എത്തുന്നു. ഈ സാമഞ്ജസ്യത്തിനു ഭഞ്ജം വരുത്താതെ വഴിപോലെ അതിലേക്കു ചെര്ന്നുചേര്ന്നു അതിനോട് സമരസപ്പെടുന്ന വിധത്തില്‍ വേണം കര്‍മ്മം ചെയ്യാന്‍. വിശ്വസാമഞ്ജസ്യത്തിലേക്കു സമ്യക്കാംവണ്ണം ചെല്ലുന്നത് എന്ന അര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള കര്‍മ്മത്തെ ‘സഞ്ചാര’ (സഞ്ചാരം- സമ്യക്കായി ചരിക്കുന്നത്) എന്ന് വിളിക്കുന്നു. ഉത്ക്രാന്തിക്കു ‘സംസാര’ (സംസാരം=സമ്യക്കാംവണ്ണം സരിക്കുന്നത്- പൊയ്ക്കൊണ്ടിരിക്കുന്നത്) എന്നു പേര്. സംസാരാനുകൂലമായ ആചരണം സഞ്ചാരം. എതിരായി ചെല്ലുന്നതിനെ ‘ആഭിചാരം’ എന്നു പറയുന്നു. (അഭി+ചര്). പ്രകൃതി പ്രക്രിയകളെ വ്യതിചലിപ്പിക്കുന്ന കര്‍മ്മം ‘വ്യഭിചാരം.’ (വി+അഭി+ചര്).
സഞ്ചാരത്തിന്റെ മറ്റൊരു പേരാണ് യജ്ഞം എന്ന്. ”യജ് സങ്ഗതികരണേ” എന്ന ധാതുവില്നിന്നുണ്ടാകുന്ന പദമാണ് യജ്ഞം. സങ്ഗതി- സമ്യക്കായഗതി- ഉണ്ടാക്കുന്നത് എന്നര്‍ത്ഥം. വിശ്വസാമഞ്ജസ്യത്തിലേക്കു വഴിപോലെ ചെന്നു ചേരുന്നത് എന്നുതന്നെ താല്പര്യം. കര്‍മ്മം ഏതുമാകാം. യജ്ഞമെന്നു പേരുള്ള കര്‍മ്മവിശേഷം ഇല്ല. വിശ്വഹിതം സങ്കല്‍പ്പിച്ച് ആരു ചെയ്യുന്ന ഏതു കര്‍മ്മവും യജ്ഞമാകുന്നു. സനാതനധര്‍മ്മം എന്ന നിയമത്തിനു വിധേയമായി ചെയ്യുന്ന പ്രവൃത്തി യജ്ഞം. എല്ലാ കര്‍മ്മങ്ങളും ഇങ്ങനെയാകുമ്പോള്‍ ജീവിതം യജ്ഞമാകുന്നു. ഇതാണ് ഭാരതത്തിന്റെ ജീവിതനീതി. സനാതനധര്‍മ്മം തത്ത്വവും യജ്ഞം അതിന്റെ പ്രയോഗവുമാകുന്നു.
അവസാനിച്ചു
ഫോണ്‍: 97441 52834
പ്രതികരിക്കാൻ ഇവിടെ എഴുതുക: