മൂന്നാം പ്രശ്നം
അശ്വലന്റെ മകനായ കൗസല്യന്റെ ചോദ്യവും അതിനുള്ള ഉത്തരവുമാണ് മൂന്നാം പ്രശ്നത്തില്‍ അഥ ഹൈനം കൗസല്യാശ്ചാശ്വലായനഃ പപ്രച്ഛ
ഭഗവന്‍ കുത ഏഷ പ്രാണോ ജായതേ
കഥമായാത്യസ്മിന് ശരീരേ ആത്മാനം പ്രവിഭജ്യ
കഥം പ്രതിഷ്ഠതേ, കേ നോത്ക്രമതേ
കഥം ബാഹ്യമഭിധത്തേ കഥമദ്ധ്യാത്മമിതി
അശ്വല പുത്രനായ കൗസല്യനാണ് പിന്നീട് പിപ്പലാദ മുനിയോട് ചോദിക്കുന്നത്. ഭഗവാനേ ഈ പ്രാണന് എവിടെനിന്നാണ് ഉണ്ടാകുന്നത്? ഈ ശരീരത്തില്‍ എങ്ങനെയാണ് വരുന്നത്? തന്നെ പകുത്ത് ഓരോ സ്ഥാനങ്ങളില്‍ എങ്ങനെ സ്ഥിതിചെയ്യുന്നു? എങ്ങനെയാണ് ശരീരം വിട്ടുപോകുന്നത്? അധിദൈവവും അധിഭൂതവും അധ്യാത്മവുമായതിനെ എങ്ങനെ ധരിക്കുന്നു?
പ്രാണന്റെ മാഹാത്മ്യത്തെപ്പറ്റി രണ്ടാം പ്രശ്നത്തില്‍ വിശദീകരിച്ചു. പ്രാണനെക്കുറിച്ചുള്ള അറിവ് ആത്മജ്ഞാനത്തിന് ആവശ്യമാണ്. അതിനാല്‍ പ്രാണന്റെ ഉദ്ഭവം, ശരീരത്തില്‍ വരുന്നതും പോകുന്നതും, പ്രവര്‍ത്തന പ്രാണം ലോകവും ദേഹവുമായുള്ള ബന്ധം എന്നിവയെക്കുറിച്ചാണ് മൂന്നാം പ്രശ്നത്തിലെ ചോദ്യങ്ങളും ഉത്തരവും.
പ്രാണന് ഇന്ദ്രിയങ്ങളുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ അത് കാര്യമാണ് കാരണമായിരിക്കില്ല എന്ന് കരുതിയാണ് ഇവിടുത്തെ ചോദ്യം. പ്രാണന് അഞ്ചായി പിരിയുന്നതും ദേഹത്തിലും പുറത്തുമുള്ളതായ അതിന്റെ ധാരണത്തെക്കുറിച്ചും ചോദ്യത്തില്‍ ഉന്നയിക്കുന്നുണ്ട്.
തസ്മൈ സഹോവാചാതി പ്രശ്നാന്‍ പൃച്ഛസി
ബ്രഹ്മിഷ്ഠോ/സീതി തസ്മാത്തേ/ഹം ബ്രഹീമി
പിപ്പലാദമുനി കൗസല്യനോട് പറഞ്ഞു വളരെ കടന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത്. നീ ബ്രഹ്മനിഷ്ഠനായതിനാല് ഞാന്‍ ഉത്തരം പറഞ്ഞുതരാം. സാധാരണക്കാര്‍ക്ക് അറിയാന്‍ വളരെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ഇവ. എങ്കിലും ബ്രഹ്ത്തെ അറിയാനുള്ള നിന്റെ നിഷ്ഠകാരണം ഞാന്‍ നിനക്ക് ഉത്തരം നല്‍കാം.
ആത്മന ഏഷപ്രാണോജായതേ
യഥൈഷാ പുരുഷേ ഛായൈ തസ്മിന്നേതുതതം
മനോകൃതേനായാത്യസ്മിന് ശരീരേ
ആത്മാവില്‍നിന്നാണ് പ്രാണന് ജനിക്കുന്നത്. മനുഷ്യന്റെ നിഴല്‍ ശരീരത്തെ ആശ്രയിച്ച് നില്ക്കുന്നതുപോലെ പ്രാണന് ആത്മാവില്‍ നിലനില്ക്കുന്നു. മനസ്സിന്റെ സങ്കല്പമനുസരിച്ചാണ് ശരീരത്തില്‍ വരുന്നത്. ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിവിടെ. വസ്തു മാത്രമാണ് സത്യമായിട്ടുള്ളത്. അതിന്റെ നിഴല്‍ അഥവാ പ്രതിബിംബം അസത്യമാണ്. ബിംബം ഉണ്ടെങ്കിലേ പ്രതിബിംബം ഉണ്ടാകൂ. വെളിച്ചം, വെള്ളം, കണ്ണാടി തുടങ്ങിയ ഉപാധികളില്‍ വസ്തുവിന് നിഴലോ അതിന്റെ പതിപ്പോ ഉണ്ടാകും. വസ്തുവുമായി ബന്ധപ്പെട്ടാണ് അതിന്റെ നിലനില്‍പ്പ്. അതുപോലെ പ്രാണനും ആത്മാവില്‍ ഇരിക്കുന്നു. ഉപാധികള്‍ ഇല്ലാതെ വരുമ്പോള്‍ എങ്ങനെയാണോ പ്രതിബിംബത്തിന് നിലനില്പ്പില്ലാത്തത് അതുപോലെതന്നെ പ്രാണനും ഉപാധിയില്ലെങ്കില്‍ അത് ആത്മാവില്‍ ലയിച്ചിരിക്കും. മനസ്സിന്റെ സങ്കല്പമനുസരിച്ചാണ് നമ്മുടെ കര്‍മ്മങ്ങള്‍. അതിന്റെ ഫലമനുഭവിക്കാന്‍ പ്രാണന് ശക്തിയെടുക്കേണ്ടിവരും. അങ്ങനെയാണ് പ്രാണന് ശരീരത്തില്‍ വരുന്നത്.
യഥാ സമ്രാസേവാധികൃതാന് വിനിയുങ്ക്ത
ഏതാന് ഗ്രാമാനേതാന് ഗ്രാമാനധിതിഷ്ഠസ്വേതി
ഏവമേവൈഷ പ്രാണ ഇതരാന് പ്രാണന് പൃഥക്
പൃഥ ഗേവ സംനിധത്തേ
ചക്രവര്‍ത്തി ഓരോ ഗ്രാമത്തിലേയും അധികാരികളെ നിയമിക്കുന്നതുപോലെയാണ് മുഖ്യപ്രാണന് മറ്റു പ്രാണങ്ങളെ ഓരോ സ്ഥാനത്ത് നിയോഗിക്കുന്നത്. ‘നീ ഈ ഗ്രാമത്തിന്റെ അധികാരിയായിരിക്കൂ’ എന്ന് പറഞ്ഞ് ചക്രവര്‍ത്തി ഗ്രാമ അധികാരികളെ നിയമിക്കുന്നു. പ്രാണന് ഇതുപോലെ സ്വയം അഞ്ചായി പകുത്ത് പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെയായി ഓരോന്നിനും ഓരോ ചുമതലയെ കൊടുക്കുന്നു.
എവിടെയൊക്കെയാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുന്നു-
പായൂപസ്ഥേ/പാനം ചക്ഷുഃ ശ്രോതേ
മുഖനാസികാഭ്യം പ്രാണസ്വയം പ്രാതിഷ്ഠതേ
മദ്ധേ സമാനഃ ഏഷ ഹ്യേതദ്ധുതമന്നം
സമയം നയതി തസ്മാദേതാഃ സപ്താര്ച്ചിഷോ ഭവന്തി
വിസര്ജ്ജനേന്ദ്രിയത്തിലും ജനനേന്ദ്രിയത്തിലും അപാനനും കണ്ണ്, ചെവി, മുഖം, മൂക്ക് എന്നിവയില്‍ പ്രാണനും മധ്യത്തില്‍ സമാനനും ഇരിക്കുന്നു. സമാനനാണ് ജഠരാഗ്നിയില്‍ ഹോമിക്കുന്ന അന്നത്തെ ഒരുപോലെ ശരീരത്തിന്റെ എല്ലായിടത്തേക്കും എത്തിക്കുന്നത്. അതില്‍നിന്ന് ഏഴ് പ്രകാശങ്ങള്‍ ഉണ്ടാകുന്നു.
അപാനവായു മലമൂത്ര വിസര്‍ജ്ജനത്തിനും പ്രാണവായു കണ്ണ്, കാത്, മൂക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിനും സമാനന്‍ ദഹിച്ച ഭക്ഷണത്തെ സമമായി ശരീരം മുഴുവന്‍ എത്തിച്ച് പോഷിപ്പിക്കുന്നു. മുഖത്തുള്ള ഏഴ് ദ്വാരങ്ങള്‍ വഴിയാണ് ജഠരാഗ്നിയുടെ ജ്വാലകള്‍ പുറത്തുപോകുന്നത്. 2 ചെവി, 2 കണ്ണ്, 2 നാസദ്വാരം, 1 വായ് എന്നിവയാണ് അവ. വിഷയങ്ങളെ ഗ്രഹിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്ക് ശക്തി നല്‍കുന്നത് സമാനന്റെ പ്രവര്‍ത്തനം മൂലമാണ്. വായിലൂടെയും മൂക്കിലൂടെയും അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന പ്രാണന് കണ്ണിലും കാതിലും ഇരിക്കുന്നു. നാല് ജ്ഞാനേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഏഴ് ദ്വാരങ്ങളിലൂടെയാണ്. വ്യാനനേയും ഉദാനനേയും ഇനി തുടര്‍ന്ന് പറയും.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)
പ്രതികരിക്കാൻ ഇവിടെ എഴുതുക: