സെഞ്ചൂറിയന്‍: നാട്ടില്‍ അരങ്ങുതകര്‍ത്ത് തലയെടുപ്പോടെ കേപ്ടൗണിലെത്തി തലകുത്തിവീണ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ഇനി ജീവന്മരണപോരാട്ടം. വിദേശമണ്ണില്‍ പരമ്പര ജയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യ ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍ക്കാതിരിക്കാന്‍ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ വിജയം പിടിക്കണം. ന്യുലന്ഡ്സിലേതിനേക്കാള് വേഗമേറിയ പിച്ചില്‍ രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങുകയാണ്.
ന്യൂലന്‍ഡ്സിലെ ഒന്നാം ടെസ്റ്റില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണ ഇന്ത്യന്‍ ബാറ്റിങ്ങ്നിര സെഞ്ചുറിയില്‍ കരുതലോടെ പിടച്ചുനിന്നാലെ വിജയപ്പടവുകള്‍ കയറാനാകൂ. കോട്ടിഘോഷിക്കപ്പെട്ട ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി സമ്മാനിച്ചത്.
ബാറ്റിങ്ങിന് ശക്തികൂട്ടാന്‍ വിദേശമണ്ണില്‍ മികച്ച റെക്കോഡുള്ള ഉപനായകന്‍ അജിങ്ക്യ രഹാനയെയും ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഒന്നാം ടെസ്റ്റില്‍ ഇവരെ ഒഴിവാക്കിയതിന് ഗാംഗുലിയുള്പ്പെടെയുള്ള പ്രമുഖര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
രോഹിത് ശര്‍മ്മക്കും ശിഖര്‍ ധവാനും പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. അതേസമയം വിദേശത്ത് പരിചയ സമ്പത്തുള്ള പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് ടീമിലിടം കിട്ടിയേക്കും.
ഇശാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും സെഞ്ചൂറിയനിലെ വേഗപിച്ചില്‍ അപകടം വിതറാനാകും.
ഇന്ത്യയുടെ പേസ്നിര സമ്പന്നമാണെന്ന് ആദ്യ ടെസ്റ്റ് തെളിയിച്ചു കഴിഞ്ഞു. രണ്ട് ഇന്നിങ്ങ്സിലും അവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സമാന്മാരെ അരിഞ്ഞുവീഴ്ത്തി. വേഗപിച്ചില്‍ വീഴാതെ , കോഹ്ലി നയിക്കുന്ന ബാറ്റിങ്ങ്നിര പൊരുതിക്കയറിയാലെ ഇന്ത്യക്ക് വിജയം നേടാനാകൂ. ന്യൂലാന്‍ഡ്സിലെ പിച്ചില്‍ 72 റണ്‍സിന്റെ വിജയമാഘോഷിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ റെക്കോഡ് മികച്ചതല്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 34 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ പതിനാലിലും ദക്ഷിണാഫ്രിക്ക വിജയം കൊയ്തു. ഇന്ത്യക്ക് ജയിക്കാനായത് പത്തെണ്ണത്തില്‍ മാത്രം. പത്ത് ടെസ്റ്റുകള്‍ സമനിലയായി.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ഇന്ത്യ പതിനെട്ട് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പതിലും വിജയക്കൊടി നാട്ടിയത് ആതിഥേയര്‍. ഇന്ത്യന്‍ ജയം രണ്ടിലൊതുങ്ങി. ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: