ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ചും നീതിന്യായ വ്യവസ്ഥയെ അടിമുടി ഉലച്ചും സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ പൊട്ടിത്തെറി. കോടതി നടപടികള്‍ ബഹിഷ്ക്കരിച്ച നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തി. കേസുകള്‍ ജഡ്ജിമാര്‍ക്കിടയില്‍ വീതിച്ചു നല്കുന്നതില് ചീഫ് ജസ്റ്റിസ് സ്വേച്ഛാപരമായി പെരുമാറുകയാണെന്നും പ്രധാനകേസുകള്‍ ചീഫ് തന്നെ ഏറ്റെടുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ തിരിയുന്നതും പത്രസമ്മേളനം നടത്തുന്നതും ചരിത്രത്തില്‍ ആദ്യമാണ്. പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതായി മുതിര്‍ന്ന ജഡ്ജിമാരുടെ നടപടിയെന്ന ആക്ഷേപം വ്യാപകമാണ്.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന് ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമരഹിതമാണെന്ന് അവര്‍ ആരോപിച്ചു. സുപ്രീംകോടതിയുടെ മുഴുവന്‍ അംഗ ബെഞ്ചിലോ ആഭ്യന്തരചര്ച്ചകളിലോ പരിഹരിക്കേണ്ട വിഷയമാണ് ഇവര്‍ പരസ്യമായി പറഞ്ഞത്. ഇന്നലെ രാവിലെ 11.30ഓടെ ജസ്റ്റിസ് ചെലമേശ്വറിന്റെ തുഗ്ലക്ക് റോഡിലെ നാലാം നമ്പര്‍ വസതിയിലായിരുന്നു പത്രസമ്മേളനം.
മിശ്രയുടെ നടപടികള്‍ പലതും ശരിയല്ല. കേസുകള്‍ വീതിക്കുന്നതില്‍ തന്നിഷ്ടം കാണിക്കുന്നു, പ്രധാന കേസുകള്‍ സ്വയം ഏറ്റെടുക്കുകയോ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്മാര്ക്ക് നല്‍കുകയോ ചെയ്യുന്നു, ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പത്താം നമ്പര്‍ കോടതിക്കാണ് കൈമാറിയത്- ചെലമേശ്വര്‍ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വര്‍ അഞ്ചംഗ ബെഞ്ചിന് വിട്ട മെഡിക്കല്‍ കുംഭകോണക്കേസ് ഈ ഉത്തരവ് റദ്ദാക്കി ഏഴാം നമ്പര്‍ കോടതിക്ക് നല്കി, പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ ഏഴു പേജ് കത്തിന് മറുപടി നല്‍കിയില്ല. അവര്‍ ആരോപിച്ചു. കൊളീജിയത്തെപ്പറ്റി ആക്ഷേപമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നാലു പേരും പ്രതികരിച്ചുമില്ല.
കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. പരിഹാരം തേടി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി, രണ്ടുമാസം മുമ്പ് കത്തു നല്കി. ഫലമുണ്ടായില്ല- െചലമേശ്വര്‍ പറഞ്ഞു. പത്രസമ്മേളനത്തിന് തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചില വാക്കുകള്‍ മാത്രം പറഞ്ഞപ്പോള്‍ ജസ്റ്റിസുമാരായ കുര്യന് ജോസഫും മദന്‍ ബി.ലോക്കൂറും യാതൊന്നും മിണ്ടാതെയിരുന്നു.
മിശ്രയെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി. നാലുപേരും രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് തിങ്കളാഴ്ച കോടതിയില്‍ കേസുകള്‍ പരിഗണിക്കുമെന്നും മറുപടി നല്കി.
സംഭവ വികാസങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മുതിര്‍ന്ന ജഡ്ജിമാരുടെ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രശ്നങ്ങള്‍ ഇന്ന് വൈകിട്ടോടെ പരിഹരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.
ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ട് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതും ബെഞ്ച് ചീഫ് ജസ്റ്റിസ് റദ്ദാക്കിയതും അടക്കമുള്ള പഴയ സംഭവങ്ങളും പ്രതിഷേധത്തിന് കാരണമാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: