വെണ്ണ കട്ട കണ്ണന്റെ കഥപറയുകയാണ് വേദിയില്‍ നിന്ന് കാവിയണിഞ്ഞ ആ പെണ്‍കുട്ടി. ഇത്തിരിയോളം വെണ്ണയ്ക്കുവേണ്ടി വൃന്ദാവനത്തിലെ ഒരു ഗോപിക പറയുന്നതെല്ലാം ചെയ്യുന്ന കണ്ണനെ മനോഹരമായി വരച്ചിടുന്നുണ്ട് ആ വാക്കുപകള്. ജന്മംകൊണ്ട് മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിലുള്ള അതിസുന്ദരമായ സംസാരം. സദാ പുഞ്ചിരി വിടരുന്ന മുഖം. ഇത് ബ്രഹ്മചാരിണി ദര്‍ശിക ചൈതന്യ. തിരുവനന്തപുരം ചിന്മയ മിഷനിലെ ആചാര്യ. രാജലക്ഷ്മി എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. നാഗര്‍കോവില്‍ സ്വദേശിയാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തില്‍. ബി-ടെക് പാസായ ശേഷം കൊച്ചി അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങില്‍ പിജി ഡിപ്ലോമ നേടി. കൂടാതെ സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും.
ഡോക്ടറാവണം എന്നായിരുന്നു ആഗ്രഹം. പിന്നീടു നടന്നത് സേവനത്തിന്റെയും സംന്ന്യാസത്തിന്റെയും വഴിയേ. ബി-ടെക് രണ്ടാം റാങ്കോടെ പാസായ പെണ്‍കുട്ടി തന്റെ സമപ്രായക്കാരില്‍ നിന്നും വിഭിന്നമായൊരു തീരുമാനമെടുത്തപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്കി അച്ഛനും അമ്മയും അനുജനും. ചിന്മയ മിഷനിലെ മുന്‍ സാരഥിയായിരുന്ന സ്വാമി തേജോമയാനന്ദയില് നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. ചിന്മയ മിഷന് ചില്‍ഡ്രന്‍സ് വിങിന്റെ സംസ്ഥാന കോഡിനേറ്ററായ ദര്‍ശിക ചൈതന്യയോടു സംസാരിക്കാം…
ആധ്യാത്മികതയുടെ വഴിയിലേക്ക്
ഡോക്ടര്‍ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ മോഹം. അതിനേക്കാളുപരി സേവനം ചെയ്യണമെന്നും. അതിനായി ആദ്ധ്യാത്മികതയുടെ വഴി തിരഞ്ഞെടുത്തു. കാരണം എല്ലാ വ്യവഹാരങ്ങളും നടക്കുന്നത് മനസ്സിലൂടെയാണ്. മനസ്സ് ശക്തിപ്പെട്ടാല്‍ ഏത് രംഗത്തുപോയാലും ശക്തമായി നില്ക്കാം. ബ്രിട്ടീഷ് കാലഘട്ടത്തിനുശേഷം തകര്‍ന്നടിഞ്ഞത് നമ്മുടെ സംസ്കാരമാണ്. മനസ്സിനെ പഠിക്കുക, വിജയം നേടുക, മറ്റുള്ളവര്‍ക്കും മാനസികശക്തി പകര്‍ന്നുകൊടുക്കുക എന്നതാണ് ലക്ഷ്യം. ആധ്യാത്മിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല. പ്രായമായതിന് ശേഷം ആധ്യാത്മികതയിലേക്ക് വരിക എന്നത് എല്ലാവരുടേയും തെറ്റിദ്ധാരണയാണ്. ആദ്ധ്യാത്മികത എന്താണ് എന്ന് ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങിനെ ചിന്തിക്കുന്നത്. ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ശക്തിപ്പെടുത്തല്‍ ആവശ്യം. ഈ രംഗത്തെത്തിയതും കുടുംബം നല്കിയ ശക്തികൊണ്ടാണ്.
യുവജനതയെക്കുറിച്ച്
ഇന്ന് യുവജനത കുറച്ചുകൂടി ഉണര്‍ന്നിട്ടുണ്ട്. അവര്‍ക്ക് നല്ല അവബോധമുണ്ട്. പ്രോത്സാഹനവും പ്രചോദനവും നല്കിയാല് ഇന്ത്യയെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ യുവജനതയ്ക്ക് സാധിക്കുമെന്ന ഉറപ്പുണ്ട്. എങ്കിലും ഭൗതികതയ്ക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ വഴി തെറ്റിപ്പോകുന്നവരുമുണ്ട്.
ആത്മാര്‍ത്ഥമായ സ്നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കാതെ പോകുന്നതുകൊണ്ടാണിത്. കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് മറ്റു വഴികളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നത്. വഴികാട്ടുന്നതിനും മാതൃകയാവുന്നതിനും നമുക്കിടയില്‍ ആരും ഇല്ലാതെ പോകുന്നതും ഒരു കാരണമാണ്.
ആധ്യാത്മിക ക്ലാസുകളോട് സമൂഹത്തിനുള്ള താല്പര്യം
ഗുണകരമായ പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആധ്യാത്മിക ക്ലാസുകള്‍ നടത്താറുണ്ട്. മുന്നിലിരിക്കുന്നവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കണമെന്ന് മാത്രം. പലരുടേയും മാനസിക സ്ഥിതി വ്യത്യസ്തമാണല്ലോ?. ചിന്മയ മിഷന് ചിന്മയ യുവകേന്ദ്ര എന്ന പേരില്‍ യൂത്ത് വിങ്ങുണ്ട്. ആധ്യാത്മിക രംഗത്ത് വന്ന് നിസ്വാര്‍ത്ഥമായി, സ്നേഹം മാത്രം പകര്‍ന്നുകൊണ്ട് ക്ലാസുകള്‍ എടുക്കുന്നതിനുള്ള മാനുഷിക ശേഷി സൃഷ്ടിക്കുക എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
സ്വയം വിലയിരുത്തുമ്പോള്‍
പത്തു വര്‍ഷമായി ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചിട്ട്. മാനസിക പരിവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മറ്റേത് മേഖലയായിരുന്നുവെങ്കിലും ഒരു പരിധിവരെ മാത്രമേ അത് സാധ്യമാവൂ. സംസ്കാരപരമായും മാനസികപരമായും ബുദ്ധിപരമായും പരിവര്‍ത്തനം സാധ്യമായിട്ടുണ്ട് എന്നതൊരു സന്തോഷമാണ്.
ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം എല്ലായ്പ്പോഴും സുഗമമാവണമെന്നില്ല. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന വഴികളും ലക്ഷ്യവും വ്യത്യസ്തം. വിജയം എന്ന ഫലത്തില്‍ കുറഞ്ഞ് അവര്‍ ഒന്നും ആഗ്രഹിക്കുന്നുമില്ല. പല വഴികളും ലക്ഷ്യവും ഉള്ളവരാണ് ഈ സമൂഹത്തിന്റെ ഉന്നതി നിര്‍ണ്ണയിക്കുന്നതും.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: