ന്യൂദല്‍ഹി: കായല്‍ കൈയറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി നല്കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷത്. ഈ നിരീക്ഷണമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചതും. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെ ഒരു വ്യക്തി എന്ന നിലയിലാണ് ചോദ്യം ചെയ്തത് എന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി കോടതിയില്‍ ഉന്നയിക്കും.
കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. മന്ത്രിയായല്ല ഹര്‍ജി നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടി മാത്രമാണ്. അതിനാല്‍ തന്നെ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ്. തോമസ് ചാണ്ടിക്കായി ഈ വാദമുഖങ്ങള്‍ റോത്ത്ഗി ഉയര്‍ത്തും.
തോമസ് ചാണ്ടി നല്കിയ ഹര്‍ജിയില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ചൂണ്ടിക്കാട്ടി സിപിഐ അംഗം മുകുന്ദന് നല്കിയ ഹര്‍ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: