തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പാര്‍ട്ടിയാണ് സിപിഎം. ഒരുദിവസം ബക്കറ്റ് കുലുക്കിയാല്‍ 15 കോടിയിലധികം പിരിക്കുന്ന പാര്‍ട്ടിയാണിത്. എന്നിട്ടും പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലികോപ്റ്റര്‍ വാടക നല്കാന് പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ തുനിഞ്ഞത് എച്ചിത്തരമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. എട്ടുലക്ഷമാണ് തൃശൂരില്‍നിന്ന് കൊല്ലത്തേക്കും തിരിച്ചും യാത്ര ചെയ്തതിന് നല്‍കേണ്ടത്.
തൃശൂരില്‍ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യേണ്ടതുപോലും ഉപേക്ഷിച്ചാണ് പാര്‍ട്ടി സമ്മേളനത്തിനെത്തിയത്. ഓഖി ദുരന്തം അനുഭവിക്കേണ്ടിവന്നവര്ക്കായി നീക്കിവച്ച ഫണ്ടില്‍നിന്ന് ഹെലികോപ്റ്റര്‍ വാടക നല്കാന് റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നല്‍കിയതാണ്. എന്നിട്ടും ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയായിരുന്നു.
എട്ട് ലക്ഷം നല്കാന് സിപിഎമ്മിന് കഴിവുണ്ടെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്, അത് പാര്‍ട്ടി നോക്കിക്കൊള്ളുമെന്നാണ് ജാള്യതയോടെ പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി, ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇടുക്കിയില്‍ പറഞ്ഞത്.
1995 മാര്‍ച്ചില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ എ.കെ. ആന്റണി പ്രതേ്യക വിമാനത്തില്‍ ദല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തെത്തിയതിന്റെ വാടക പ്രശ്നം വര്‍ഷങ്ങളോളം വിവാദത്തിലായിരുന്നു. 15 ലക്ഷമായിരുന്നു നല്‍കേണ്ടിയിരുന്നത്. വാടക നല്കാന് കേന്ദ്രസര്‍ക്കാരോ എഐസിസിയോ തയ്യാറായില്ല. പിന്നീടു വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയും 15 ലക്ഷം നല്കാന് വിസമ്മതിച്ചു. ഒടുവില്‍ എം.ഐ. ഷാനവാസിന്റെ നേതൃത്വത്തില്‍ പിരിവെടുത്താണ് കടം വീട്ടിയത്. ഒരാള്‍ മുഖ്യമന്ത്രിയാകാന്‍ പറന്നെത്തി. മറ്റൊരാള്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സമ്മേളനത്തിനായി പറന്ന് നടന്നു.
ഹെലികോപ്റ്റര്‍ സംഘടിപ്പിച്ചുകൊടുത്തത് ഡിജിപിയാണ്. മുഖ്യമന്ത്രിക്ക് സുരക്ഷ നല്കുകയല്ലാതെ വണ്ടി പിടിച്ചു നല്‍കുകയും വാടക നിരക്ക് കുറയ്ക്കാന്‍ വില പേശുകയും ചെയ്യുന്ന പണി ഡിജിപിക്കുണ്ടോ എന്ന സംശയം ഗൗരവമുള്ളതാണ്.
യുഡിഎഫ് ഭരണകാലത്ത് സുനാമി ഫണ്ട് വക മാറ്റി ചെലവാക്കിയത് വലിയ വിവാദമായിരുന്നു. കടലും സുനാമിയൊന്നുമില്ലാത്ത കോട്ടയം ജില്ലയിലേക്ക് പണം വലിച്ചു. പാലായില്‍ സ്റ്റേഡിയം പണിതത് സുനാമി ഫണ്ടുകൊണ്ടാണെന്ന ആരോപണം ശക്തമായിരുന്നു. പാലായിലേക്ക് സുനാമി ഫണ്ട് എത്തിച്ച കെ.എം. മാണിയെ ഒപ്പം നിര്‍ത്താന്‍ തകൃതിയായ ചര്‍ച്ച നടക്കുന്നതിനിടയിലാണ് മാണിയുടെ മാര്‍ഗം ഓഖി ഫണ്ടിന്റെ കാര്യത്തില്‍ സിപിഎമ്മും പിന്തുടര്ന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: