തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു ഹെലികോപ്ടര്‍ വാടക നല്‍കാനുള്ള വിവാദ ഉത്തരവില്‍ നിന്ന് തടിയൂരാന്‍ മുഖ്യമന്തിയും കൂട്ടരും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കുരുക്ക് മുറുകുന്നു. വിവാദ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ വാടക അനുവദിച്ചു കൊണ്ട് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കോപ്പി മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസില്‍ എത്തിയിരുന്നു എന്നു വ്യക്തമായി.
എന്നാല്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ഓഫീസില്‍ എത്തിയ ഉടനെ ഉത്തരവ് പരിശോധിച്ചെന്നുമാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. സര്‍ക്കാരെന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊരു ഉത്തരവ് മന്ത്രി അറിയാതെ എങ്ങനെ ഇറക്കിയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വാടക നല്‍കുന്നത് സാധാരണമാണെന്നാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വ്യക്തമാക്കിയത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ഹെലികോപ്ടറില്‍ പോയിരുന്നു. ആ പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉപയോഗിക്കുന്ന കാറിന്റെ വാടകയും സര്‍ക്കാരാണ് നല്‍കുന്നത്. ഇതൊക്കെ ഏത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്ന് നോക്കാറില്ല. ഇത് ഇനിയും തുടരും. പണം കട്ടെന്ന നിലപാടാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറിനാണ് വാടക നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഉത്തരവിന്റെ കോപ്പി നല്‍കിയിരിക്കുന്നത്. ഓഫീസിലേക്കെത്തുന്ന ഉത്തരവ് ബന്ധപ്പെട്ടവര്‍ അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. വിവാദമായപ്പോഴാണ് ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിനിടയില്‍ ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഇടപെട്ടിട്ടാണെന്ന് ഏവിയേഷന്‍ കമ്പനി വ്യക്തമാക്കി. വാടക 13 ലക്ഷത്തില്‍ നിന്നു എട്ടു ലക്ഷമാക്കിയത് ഹെലികോപ്ടര്‍ എത്തിച്ച ദൂരം കുറഞ്ഞതിനാലാണ്. ബെംഗളൂരുവില്‍ നിന്നാണ് ഹെലികോപ്ടര്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. എന്നാല്‍ മൈസൂരില്‍ നിന്നു ഹെലികോപ്ടര്‍ എത്തിച്ചതിനാലാണ് വാടക കുറഞ്ഞതെന്നും വിലപേശല്‍ നടന്നിട്ടില്ലെന്നും കമ്പനി വാദിക്കുന്നു.
ഈ വാദത്തെ ഡിജിപി തള്ളി. സുരക്ഷ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഡിജിപിയുടെ വിശദീകരണത്തിലുള്ളത്. എന്നാല്‍ ഡിജിപി വാടക നല്‍കാന്‍ ആവശ്യപ്പെട്ടെന്നാണ് പി.എച്ച്. കുര്യന്‍ വ്യക്തമാക്കിയത്. വാടക വിവാദമായതോടെ പണം പാര്‍ട്ടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്നു വാടക നല്‍കിയത് ഓഖി ദുരന്തത്തെക്കാള്‍ വലിയ ദുരന്തമെന്ന് ലത്തീന്‍ കത്തോലിക്കാ അതിരൂപത അധികൃതര്‍ വ്യക്തമാക്കി.
അജി ബുധനൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: