ഹേ, മഹാത്മന്! അങ്ങ് സര്‍വ്വോത്കൃഷ്ടമായ സ്വഭാവമുള്ളവനാണ്. അതുകൊണ്ട് ‘മഹാത്മാവേ!’ എന്നുവിളിക്കട്ടെ, ദേവന്മാരും സിദ്ധന്മാരും യോഗികളും അങ്ങയെ എങ്ങനെ നമസ്കരിക്കാതിരിക്കും? നമസ്കരിക്കുക തന്നെ ചെയ്യണം. കാരണം പറയാം.
ബ്രഹ്മണഃ അപി ഗരീയസേ-സൃഷ്ടികര്‍ത്താവായ
ബ്രഹ്മാവിനെക്കാള്‍ ശ്രേഷ്ഠനാണ്. ഗര്ഭോദകത്തില് ശയിക്കുന്ന വിഷ്ണുവിന്റെ നാഭിയിലെ പദ്മത്തിലാണ് ബ്രഹ്മാവ് ആവിര്‍ഭവിച്ചത്. അതുകൊണ്ട് അങ്ങ് ആദികര്‍ത്താവാണ്. ഈ ഭൗതിക പ്രപഞ്ചത്തിന്റെ സംഹാരകര്‍ത്താവായ ശിവനും മറ്റെല്ലാ ദേവഗണങ്ങളും ബ്രഹ്മാവില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നത്. എല്ലാത്തിന്റെയും ആദികര്ത്തൃത്വം അങ്ങേയ്ക്കു തന്നെയാണ്. അവരെ നിയന്ത്രിക്കുന്നതും അങ്ങുതന്നെ!
അനന്ത! – അങ്ങയുടെ സച്ചിദാനന്ദ സ്വരൂപത്തിനും സൃഷ്ട്യാദി ലീലകള്‍ക്കും അവതാരങ്ങള്‍ക്കും നാമങ്ങള്‍ക്കും അന്തം-ഒടുക്കം ഇല്ലാ, അതുകൊണ്ടുതന്നെ തുടക്കവും ഇല്ല. അതിനാല്‍ ‘അനന്തന്’ എന്ന് അങ്ങ് കീര്ത്തിക്കപ്പെടുന്നു.
ദേവേശ!-എല്ലാ ദേവന്മാരേയും ആവിര്ഭവിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും അങ്ങാണല്ലോ.
ജഗന്നിവാസ! -ഭൗതിക പ്രപഞ്ചത്തിലെ എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങളും അങ്ങയില്‍ തന്നെയാണ് നിവസിക്കുന്നത്-നിലനില്‍ക്കുന്നത്.
ത്വമക്ഷരം- അങ്ങുതന്നെയാണ് ഒരിക്കലും ക്ഷരിക്കാത്ത വസ്തു-അതായത് പരബ്രഹ്മം.
സത് അസത് ത്വം – എല്ലാ വസ്തുതത്വങ്ങളുടെയും കാരണവും കാര്യവും അങ്ങുതന്നെ.
തത്പരം യത്- നിത്യകൂടസ്ഥവും സച്ചിദാനന്ദൈകരസവുമായ പരബ്രഹ്മം അങ്ങുതന്നെ.
അതുകൊണ്ടു അങ്ങയെത്തന്നെയാണ് നമസ്കരിക്കേണ്ടത്. അവര്‍ അങ്ങയെ എന്തുകാരണത്താല്‍ നമസ്കരിക്കാതിരിക്കും?
ഹൃദയത്തില്‍ പൊങ്ങിവരുന്ന
ഭക്ത്യാവേശത്തോടെ അര്ജ്ജുനന് സ്തുതിക്കുന്നു (11-38)
ഭക്ത്യാവേശംകൊണ്ടു സ്തുതിക്കുന്ന അര്ജുനന് മുന്പുപറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയുന്നുണ്ട്. ആദ്യത്തെ ദേവനാണ്. അങ്ങ് സര്‍വഭൂതങ്ങളിലും പരമാത്മാവായി വര്‍ത്തിക്കുന്നതുകൊണ്ടും പൂര്ണന് ആയാലും പുരുഷനാണ്. അങ്ങ് സൃഷ്ടിക്കു മുന്‍പേ ഉള്ളവനാണെങ്കിലും നവത്വം തുളുമ്പുന്നവന്‍.
പ്രളയകാലത്ത് ബ്രഹ്മാണ്ഡങ്ങള്‍ മുഴുവന്‍ അങ്ങയിലാണ് ലയിക്കുന്നത്. അങ്ങ് പ്രപഞ്ചത്തില്‍ സംഭവിക്കുന്ന സകല പ്രവര്‍ത്തനങ്ങളും അതേസമയം തന്നെ അറിഞ്ഞുകൊണ്ടിരിക്കുന്നു. ആത്മീയവും ഭൗതികവുമായ സകലവസ്തുക്കളും നമ്മള് അറിയേണ്ടതാണ്. അവയിലെല്ലാം ഭഗവാന്റെ ചൈതന്യസ്ഫുരണമുണ്ടെന്ന് താല്‍പ്പര്യം.
പരംധാമ ച- മായയില്നിന്ന് മുക്തന്മാരായ ജീവാത്മാക്കള്‍ എത്തിച്ചേരുന്ന സ്ഥലം. ആത്മീയ പ്രപഞ്ചത്തിലെ വൈകുണ്ഠം, ഗോലോകം എന്നീ വൈഷ്ണവ പദങ്ങളും അങ്ങുതന്നെയാണ്. മറ്റൊരു വസ്തുവല്ല. ഈ വിധത്തില്‍ നിരവധി മഹത്വമുള്ള അങ്ങയെത്തന്നെയാണ് നമസ്കരിക്കേണ്ടത്; സംശയമില്ല.
ഗീതാദര്‍ശനം
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: