ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ളാഗ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ പതാക രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകളും പ്രചോദനവുമേകുന്നതാണെന്നും, അതിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 1971ലെ നാഷണല്‍ ഓണര്‍ ആക്ടില്‍ ഫ്ളാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ 2002ല്‍ ഉത്തരവിറക്കിയെങ്കിലും പിന്നീട് പ്ലാസ്റ്റിക് പതാകകള്‍ വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: