തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയിരുന്നു.
തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്കാന് ഉത്തരവിട്ടത്. പണം വക മാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. ഡിസംബര്‍ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന് ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ചതില്‍ കടുത്ത അതൃപ്തിയുമായി സിപിഐ രംഗത്ത് എത്തി. മന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനം ഏടുക്കുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി. റവന്യൂ സെക്രട്ടറിയോട് ഇന്നു തന്നെ വിശദീകരണം നല്കാന് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്നും ഡിജിപിയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡിജിപി വ്യക്തമാക്കി.
പണം പിന്‍വലിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തെ കാണാനാണ് ഹെലിക്കോപ്ടറില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ തിരികെ പാര്‍ട്ടി സമ്മേളനത്തിനു പോയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് അറിയില്ലെന്നായിരുന്നു അടുത്ത വിശദീകരണം. ദുരന്ത നിവാരണവകുപ്പ് കൈകാര്യം ചെയ്യുന്നത് റവന്യൂവകുപ്പാണ്.
ഹെലിക്കോപ്ടര്‍ വാടക വിവാദം ചോര്‍ന്നത് റവന്യുവില്‍ നിന്നാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് വിവരമറിഞ്ഞതെന്ന് റവന്യു വകുപ്പും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: