കൊച്ചി: ആദ്യകാല ആര്‍എസ്എസ്- ജനസംഘം- ബിജെപി നേതാവും അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകനുമായ ടി.കെ. രാമചന്ദ്രന് (തമ്മനം രാമചന്ദ്രന് മാസ്റ്റര്‍- 73) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: വെങ്കടേഷ്, ഗീത. മരുമകന്: പ്രദീഷ്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുല്ലേപ്പടി ശ്മശാനത്തില്‍ സംസ്കാരം നടത്തി.
എഴുപതുകളില്‍ എറണാകുളത്തെ രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. ജനസംഘം നേതാവ് എന്ന നിലയില്‍ അക്കാലത്ത് എറണാകുളത്തെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരവധി സമരങ്ങള്‍ നയിച്ച് വിജയത്തില്‍ എത്തിച്ചിട്ടുണ്ട്. എറണാകുളം ഇഎസ്ഐ ആശുപത്രിയെ ക്ലിനിക്കില്‍ നിന്ന് ആശുപത്രിയാക്കാന്‍ അദ്ദേഹം നയിച്ച സമരം വിജയം കണ്ടു.
അടിയന്തരാവസ്ഥക്കെതിരെ ലോക സംഘര്‍ഷ സമിതിയുടെ ബാനറില്‍ ആര്‍എസ്എസ് നടത്തിയ അഖില ഭാരതീയ സത്യഗ്രഹ സമരത്തില്‍ എറണാകുളത്തെ ആദ്യ ബാച്ച് ലീഡറായി അറസ്റ്റ് വരിച്ച് ജയില്‍വാസം അനുഷ്ഠിച്ചു. 1991 ലെ ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. പി. പരമേശ്വരന്, പി. നാരായണന്, കെ. രാമന് പിള്ള, അന്തരിച്ച പ്രൊഫ. പ്രഭാകരന്, കടുങ്ങല്ലൂര്‍ സുന്ദരം, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പച്ചാളം ശിവരാമന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ട്രസ്റ്റി ഇ.എന്‍. നന്ദകുമാര്‍, എന്‍.എസ്. റാംമോഹന്, എം. മോഹന്‍, പ്രൊഫ. ആര്. ശശിധരന് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: