തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ കുട്ടികള്‍ മത്സരിക്കുമ്പോള്‍ അണിയറയില്‍ അധ്യാപകരും രക്ഷിതാക്കളും മത്സരിച്ചു തുടങ്ങിയിട്ടു കാലമേറെയായി. എന്നാല്‍ ഇത്തവണ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഏറ്റുമുട്ടുന്നത് രണ്ടു മന്ത്രിമാര്‍.
ഇതിലേക്ക് രണ്ട് മന്ത്രിമാര്‍ കൂടി കടന്നുവരുന്നു. തൃശൂരിലെ കലോത്സവ സംഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ കൃഷിമന്ത്രി ഓവര്‍ടേക്ക് ചെയ്തുവെന്ന പരാതിയുമായി സിപിഎമ്മും അധ്യാപക യൂണിയനും രംഗത്തെത്തി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിനെ മൂലയ്ക്കിരുത്തി തൃശൂര്‍ എംഎല്‍എയും കൃഷിമന്ത്രിയുമായ സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ വേദി കൈയടക്കിയെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി രവീന്ദ്രനാഥ് സിപിഎം ജില്ലാ നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായാണ് വിവരം.
ചരിത്രത്തിലാദ്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെ അവരോധിച്ചത് സുനില്‍കുമാറിന്റെ താത്പര്യത്താലാണ്. സിപിഎമ്മിന് ഇതില്‍ എതിര്‍പ്പുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറും മന്ത്രിയുമായ കെ. രാധാകൃഷ്ണനെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാനാക്കാനുള്ള നീക്കം സുനില്‍കുമാര്‍ ഒരുമുഴം മുന്നേ വെട്ടിനിരത്തുകയായിരുന്നു.
പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല സിപിഎം അധ്യാപക യൂണിയനായ കെഎസ്ടിഎക്കാണെങ്കിലും കമ്മിറ്റിയെ മറികടന്ന് മന്ത്രി സുനില്‍ കുമാര്‍ സ്വന്തം നിലയ്ക്ക് പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്നാണ് മറ്റൊരു പരാതി. സഹികെട്ട വിദ്യാഭ്യാസ മന്ത്രി ഒടുവില്‍ വകുപ്പിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. എല്ലാം സുനില്‍കുമാറിനോട് ചോദിച്ചിട്ട് ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞത്.
സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും മന്ത്രി വിട്ടുനിന്നു. വിദ്യാഭ്യാസമന്ത്രി വിട്ടുനിന്നതോടെ സ്വാഗതം പറയേണ്ട ചുമതലയില്‍ നിന്ന് ഡിപിഐയും ഒഴിവായി. പ്രോഗ്രാം കമ്മിറ്റി അറിയാതെ പ്രധാന വേദിയില്‍ മന്ത്രി സുനില്‍കുമാര്‍ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമായി സംവാദം സംഘടിപ്പിച്ചതും വിവാദമായി.
പ്രധാന വേദികളിലെല്ലാം എഐഎസ്എഫ്, എഐവൈഎഫ്, സിപിഐ നേതാക്കള്‍ നിറഞ്ഞാടുന്നു. ഇതോടെ സിപിഎം അനുകൂല യൂണിയന് ഭാരവാഹികള്‍ പോലും നിസഹകരണം പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ്. ഭരണമുന്നണിയിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള പോര് കലോത്സവത്തിന്റെയാകെ സംഘാടനത്തേയും ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: