സിഡ്നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി. അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്സിനും 123 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് തകര്‍ന്നടിഞ്ഞത്. ഇതോടെ അഞ്ച്മത്സരങ്ങളുടെ പരമ്പര 4-0ന് ഓസീസ് സ്വന്തമാക്കി. നാലാം ടെസ്റ്റ് സമനിലയിലാക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനും ഇംഗ്ലണ്ട് അടിയറ പറഞ്ഞപ്പോള്‍ ശേഷിച്ച രണ്ട് ടെസ്റ്റിലും ഇന്നിങ്സ് തോല്‍വിയോടെ ഇംഗ്ലീഷ് നിര നാണംകെട്ടു.
ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിങ്സില്‍ 303 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ 180 റണ്‍സിന് എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ കുമ്മിന്‍സും മൂന്നെണ്ണം പിഴുത നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുമ്മിന്‍സാണ് കളിയിലെ താരം. പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് മാന്‍ ഓഫ് ദ സീരിസ്.
സ്കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 346, രണ്ടാം ഇന്നിങ്സ് 180. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 649/7 ഡിക്ലയേര്‍ഡ്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് കംഗാരുക്കള്‍ ആഷസ് നേടുന്നത്. 2013-14ല്‍ സ്വന്തം മണ്ണില്‍വച്ച് 5-0നും 2015-ല്‍ ഇംഗ്ലണ്ടില്‍ വച്ച് 3-2നും ഓസീസ് പരമ്പര നേടി.
അവസാന ദിനമായ ഇന്നലെ 93ന് നാല് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ പോലും മികച്ച പ്രകടനം നടത്തിയല്ല. 42 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ജോ റൂട്ട് അര്‍ദ്ധസെഞ്ചുറി തികച്ചതുമാത്രമാണ് ഇംഗ്ലണ്ട് നിരയിലെ ഭേദപ്പെട്ട പ്രകടനം. എന്നാല്‍ അര്‍ദ്ധസെഞ്ചുറി തികച്ച് അധികം കഴിയും മുന്നേ 58 റണ്‍സെടുത്ത ജോ റൂട്ട് പരിക്കുകാരണം പവലിയനിലേക്ക് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. പിന്നീട് ബെയര്‍സ്റ്റോവും (38) മടങ്ങിയതോടെ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചു. മോയിന്‍ അലി (13), ടോം കുറാന് (23 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സ്റ്റുവര്‍ട്ട് ബ്രോഡ് (4), ക്രെയ്ന് (2), ജെയിംസ് ആന്ഡേഴ്സണ് (2) എന്നിവര്‍ വന്നപോലെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: