ന്യൂദല്ഹ: ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നാഥുറാം ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്ന് അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ അമരേന്ദ്ര സരണ്‍ കോടതിയെ അറിയിച്ചു. ഗാന്ധിജിയുടെ മരണത്തിന് കാരണമായ നാലാമത്തെ വെടിയുതിര്‍ത്തത് ഗോഡ്സയല്ലെന്നും മറ്റൊരു കൊലയാളിയുണ്ടെന്നും ആരോപിച്ച് അഭിനവ് ഭാരതിന്റെ സഹസ്ഥാപകന്‍ പങ്കജ് ഫഡ്നിസാണ് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ‘നാലാമത്തെ വെടിയുണ്ട സിദ്ധാന്തം’ നിലനില്‍ക്കുന്നതല്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
വിചാരണ കോടതിയുടെ നാലായിരം പേജ് രേഖകളും കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. ഗാന്ധിജിയുടെ ശരീരത്തില്‍ കയറിയ ബുള്ളറ്റുകള്‍, ഉപയോഗിച്ച തോക്ക്, വെടിവെച്ചയാള്‍, ഗൂഢാലോചനയും പ്രത്യയ ശാസ്ത്രവും എന്നിവ ശരിയായി കണ്ടെത്തിയതാണ്. അന്വേഷണത്തെ സംശയിക്കാന്‍ മാത്രമല്ല തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. ഇതുവരെ കണ്ടെത്താത്ത കൊലയാളിയുണ്ടെന്നതിനോ മരണത്തിനിടയാക്കിയ നാലാമത്തെ ബുള്ളറ്റ് ഇയാളുടേതാണെന്നതിനോ തെളിവില്ല. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രണ്ടാമത്തെ കൊലയാളിയെ അറിയാമെന്ന് ചൂണ്ടിക്കാട്ടി ഡോ. നെനെ എന്നൊരാള്‍ അമിക്കസ് ക്യൂറിക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ അമിക്കസ് ക്യൂറി 1965ല്‍ അന്വേഷണത്തിന് കപൂര്‍ കമ്മീഷന് രൂപീകരിച്ചപ്പോഴും 2016ല്‍ മുംബൈ ഹൈക്കോടതിയ്ല്‍ ഇതേ ഹര്‍ജി പരിഗണിച്ചപ്പോഴും ഡോ. നെനെ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 2016ല്‍ ഫഡ്നിസാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് കോടതി തള്ളി. ഈ മാസം 12ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: