കൊച്ചി: രണ്ട് വര്‍ഷം മുമ്പ് സിനിമാ താരത്തെയും യുവതികളെയും മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം കൊച്ചി പോലീസ് വലിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടക്കത്തില്‍ തന്നെ അത് അവസാനിച്ചു. സിനിമാ വ്യവസായത്തെ കേന്ദ്രീകരിച്ച് കോടികളുടെ മയക്കുമരുന്നാണ് വിപണനം ചെയ്യുന്നതെന്ന് കൃത്യമായ വിവരങ്ങള്‍ നര്‍ക്കോട്ടിക് സെല്ലിനും പോലീസിനുമുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടാകുന്നില്ല.
ഒരു സമയത്ത് കൊച്ചിയെ ഇളക്കിമറിച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ റെയ്ഡും, ആഡംബര ബോട്ടുകള്‍ പരിശോധിച്ച് ലഹരിക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളും ശരിയായ രീതിയില്‍ മുന്നോട്ട് പോയില്ല. അന്ന് ചെറിയ അളവില്‍ കഞ്ചാവ് കയ്യില്‍ വച്ച ചില യുവാക്കളെ പിടികൂടി എന്നതൊഴിച്ചാല്‍ കോടികളുടെ ലഹരിമരുന്ന് വിപണനത്തെ തൊടാന്‍ പോലീസിനായില്ല. മയക്കമരുന്ന് കൈമാറ്റം നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ സിനിമാ രംഗത്തെ പ്രമുഖരും, വ്യവസായലോകത്തെ പ്രമുഖരുടെ മക്കളുമാണ് സ്ഥിരമായെത്തുന്നവര്‍. ഇവര്‍ക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായുള്ള അടുത്ത സൗഹൃദവും കൃത്യമായ അന്വേഷണത്തിന് പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്.
കഞ്ചാവ് കച്ചവടം വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിയമത്തിന്റെ ബലഹീനതയാണെന്ന് വിദഗ്ധര്‍ ചൂണിക്കാണിക്കുന്നു. എന്‍ഡിപിഎസ് (നര്‍ക്കോട്ടിക്ക് ഡ്രഗ് ആന്‍ഡ് സൈക്കോട്ട്രോപ്പിക്ക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം നാലായിരത്തിലധികം കേസുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, എല്‍എസ്ഡി, ഹഷീഷ്, ആംഫിറ്റമിന്‍, കറുപ്പ് തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും. വളരെ അപൂര്‍മായി ഉപയോഗിച്ചു കാണുന്ന എംഡിഎംഎ എന്ന ശക്തിയേറിയ മയക്കുമരുന്ന് അടുത്തിടെ മലപ്പുറത്തു നിന്നു പിടിച്ചെടുക്കുകയുണ്ടായി. കേരളത്തിലെ തന്നെ ആദ്യത്തെ എംഡിഎംഎ വേട്ടയായിരുന്നു ഇത്.
നിരവധി പഴുതുകള്‍ നിറഞ്ഞതാണ് എന്‍ഡിപിഎസ് ആക്ട്. പലതും ഇപ്പോഴും എന്‍ഡിപിഎസ് ആക്ട് പ്രകാരം മയക്കുമരുന്നിന്റെ പട്ടികയില്‍പ്പെടുത്തിയിട്ടില്ല.
നിരോധിച്ച പല ഗുളികകളും പേരു മാറ്റി വിപണിയില്‍ എത്തുന്നുണ്ട്. മയക്കുമരുന്നാണ് ഇതെന്ന് അറിയാമെങ്കിലും നിരോധിച്ച ഗുളിക കടത്തിയതിന് മാത്രമേ കേസെടുക്കാനാവൂ. കാരണം, ഗുളികരൂപത്തിലുള്ള മയക്കുമരുന്നുകള്‍ പൂര്‍ണമായും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. ഇവ കേരളത്തിലേക്ക് പ്രധാനമായും മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ചെക്പോസ്റ്റുകള്‍ കടന്ന് എത്തുന്നത്. പിടിക്കപ്പെട്ടാലോ, പിഴ അടച്ച് രക്ഷപ്പെടും.
പരിമിതിയിലമര്ന്ന് എക്സൈസ്
അഞ്ച് മുതല്‍ 10 പോലീസ് സ്റ്റേഷന് പരിധികളിലായി വരുന്ന പ്രദേശത്ത് ആകെയുള്ളത് ഒരു റേഞ്ച് ഓഫീസ്. കേരളത്തിലെ മിക്ക ജില്ലകളിലും പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസുകളുടെ നിലവിലെ സ്ഥിതിയാണിത്. വകുപ്പില്‍ നിലവില്‍ അയ്യായിരത്തോളം ജീവനക്കാര്‍ മാത്രമാണുള്ളത്. ഈ പരിമിതികള്ക്കിടയില് തന്നെ കഴിഞ്ഞ വര്‍ഷം എക്സൈസ് വകുപ്പ് മാത്രം മയക്കുമരുന്നും, കഞ്ചാവുമായി ബന്ധപ്പെട്ട് ഏഴായിരത്തോളം റെയ്ഡുകള്‍ നടത്തി.
മൂവായിരത്തിനടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് മാത്രമായി 3000 കിലോയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, നാര്‍കോട്ടിക് സെല്ലും ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വെല്ലുവിളിയുയര്‍ത്തുന്നത്. വകുപ്പിലെ ആള്‍ബലം കൂട്ടിയാല്‍ ഒരു പരിധിവരെ കടത്തുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മുതിര്‍ന്ന ഒരുദ്യോഗസ്ഥന് പറഞ്ഞത്. കഞ്ചാവ് കടത്തിനെക്കുറിച്ച് ചെറിയ വിവരം ലഭിച്ചുകഴിഞ്ഞാല്‍ പോലും കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. ആധുനിക സജ്ജീകരണങ്ങളും ആവശ്യമായ വാഹനങ്ങളുമില്ലാത്തതുമാണ് കാരണം.
മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് ആളെ കണ്ടെത്താനോ, അവരെ പിന്തുടരാനോ പലപ്പോഴും സാധിക്കാറില്ല. മയക്കുമരുന്ന് തിരിച്ചറിയാനുള്ള കിറ്റുകള്‍ നല്‍കാറുണ്ടെങ്കിലും കൃത്യമായി ലഭ്യമല്ലാത്തത് പരാധീനതകള്‍ക്ക് ആക്കംകൂട്ടുന്നു. മിക്ക എക്സൈസ് ഓഫീസുകളും വാടകക്കെട്ടിടങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
(അവസാനിച്ചു)
അജയ് ആര്. കാര്‍ണവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: