ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്ത്യ ബങ്കറുകള്‍ നിര്‍മിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും 14,000 ബങ്കറുകള്‍ നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷ തേടാനാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
നിയന്ത്രണരേഖ പങ്കിടുന്ന പൂഞ്ച്, രജൗരി ജില്ലകളിലായി 7298 ബങ്കറുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. ജമ്മു, കത്വ, സാംബ ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്‍പ്പെടെ 7162 ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 14,460 ബങ്കറുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 415 കോടി രൂപയാണ് ഇത്രയും ബങ്കറുകളുടെ നിര്‍മാണത്തിനു ചെലവുവരുന്നത്.
നിര്‍മിക്കുന്ന ബങ്കറുകളില്‍ 13,029 എണ്ണം വ്യക്തിഗത ഭൂഗര്‍ഭ അറകളും 1431 എണ്ണം കമ്മ്യൂണിറ്റി ബങ്കറുകളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എട്ടു പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാണ് വ്യക്തിഗത ബങ്കറുകള്‍. കമ്മ്യൂണിറ്റി ബങ്കറുകളില്‍ 40 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ 221 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയും 740 കിലോമീറ്റര്‍ നിയന്ത്രണ രേഖയുമാണുള്ളത്. ഈ അതിര്‍ത്തിയാണ് ഇന്ത്യ-പാക് പ്രശ്നങ്ങളുടെ കേന്ദ്രമായി തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: