തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ബല്‍റാമിന്റെ പരാമര്‍ശം വകതിരിവില്ലായ്മയും, വിവരക്കേടുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ചത്.
എകെജിയെ വിമര്‍ശിച്ച വിവരദോഷിയായ എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന് നല്ലതെല്ലെന്നും. ഇത് പാര്‍ട്ടിയുടെ ദുരന്തമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു. ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ് എ.കെ.ജി.,പ്രശസ്തിക്ക് വേണ്ടി ധിക്കാരം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം
“എ.കെ.ജിയെ അവഹേളിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എം.എല്‍.എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ.കെ.ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്.
ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണ്. എ.കെ.ജി ഈ നാടിന്റെ വികാരമാണ്; ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്.
വിവരദോഷിയായ എം.എല്‍.എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം. ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു.
അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിര്‍ഗുണ ഖദര്‍ ധാരികള്‍ ഓര്‍ക്കുന്നത് നന്ന്.
എ.കെ.ജിയെയും സഖാവിന്റെ പത്നി, തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവ് സ. സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോണ്‍ഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: