പൗരസമൂഹം നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുമ്പോഴാണ് ജനാധിപത്യവ്യവസ്ഥ സുഗമമായി മുന്നോട്ടുപോവുക. അവകാശങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ കടമകളും പാലിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുളളവര്‍ കേരളത്തില്‍ അത് പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുന്നു. മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഇക്കാര്യത്തില്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടന തൊട്ട് പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്തത് എന്തൊക്കെയാണോ അവയൊക്കെ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നത് ഈ സത്യപ്രതിജ്ഞാലംഘനം ചൂണ്ടിക്കാട്ടിയപ്പോഴാണ്. മറ്റൊരു മന്ത്രിക്കെതിരെ, അനാരോഗ്യകരമായ പ്രവണതകളുടെ പേരില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഇടതു സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ നിയമലംഘനം യാതൊരു നിയമനടപടിക്കും വിധേയമാകാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഗുരുതരമാണ് അന്‍വറിന്റെ നിയമലംഘനങ്ങള്‍. പരിസ്ഥിതി നിയമങ്ങള്‍ പരിപാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്വമുള്ള നിയമസഭാ പരിസ്ഥിതി സമിതിയില്‍ അംഗമാണ് ഈ എംഎല്‍എ. എന്നാല്‍ അദ്ദേഹംതന്നെയാണ് പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. അനധികൃതമായി സ്വത്ത് കൈവശംവയ്ക്കല്‍, അയോഗ്യനാക്കപ്പെട്ടതിനുശേഷവും നിരവധി കമ്പനികളുടെ ഡയറക്ടറായി തുടരുക തുടങ്ങി നിരവധി ആരോപണങ്ങളാണ് എംഎല്‍എയ്ക്കുനേരെ ഉയരുന്നത്. വിവരാവകാശത്തിന്റെ പിന്‍ബലത്തില്‍ ലഭിച്ച ആധികാരിക രേഖകള്‍ നിരത്തിയാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല. നിയമം ലംഘിച്ച് സമ്പാദിക്കുന്ന കോടികള്‍കൊണ്ട് നിയമലംഘനങ്ങളെ മറച്ചുവയ്ക്കാന്‍ സാധിക്കുന്നു. ഭരണകൂടം തന്നെ മാഫിയയായി മാറുകയെന്ന സ്ഥിതിവിശേഷത്തിനാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
മൂലധനത്തിന്റെ പിന്‍ബലത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും ലഭിക്കുമെന്നതാണ് കേരളത്തിലെ നടപ്പുരീതി. മാര്‍ക്സിന്റെ ‘മൂലധന’ത്തെക്കുറിച്ച് വാചാലരാകുന്നവരാണ് കമ്പോള മൂലധനത്തിന്റെ ആശ്രിതരായി മാറുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവനക്ഷത്രങ്ങളല്ല, കമ്പോളശക്തികളുടെ തലതൊട്ടപ്പന്മാരാണ് ഇടതുചേരികളിലെ മര്‍മ്മ സ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെടുന്നത്. മറുപക്ഷത്തിന്റെ സ്ഥിതിയും മറിച്ചല്ല. കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്ക്കിന് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നത് യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്. പകല്‍ പടയൊരുക്കവും രാത്രി ഒത്തുതീര്പ്പുകളിലുമെത്തുന്ന പരസ്പര സഹായ മുന്നണികളുടെ മാറി മാറിയുള്ള ഭരണത്തിലാണ് കേരളത്തില്‍ മാഫിയകള്‍ തഴച്ചുവളരുന്നത്. ഇടതും വലതുമായി വേര്‍പിരിഞ്ഞ് കാണുന്ന ഇരുമുന്നണികളും ഒരേതൂവല്‍ പക്ഷികളാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
നിയമലംഘനം നടത്തി സ്വത്തു സമ്പാദിക്കുന്നവര്‍ നിയമസഭാസാമാജികരായി തുടരുന്നത് കേരളത്തിന് അപമാനകരമാണ്. അവര്‍ ഭരണത്തിന്റെ ഏത് തലങ്ങളിലുള്ളവരായാലും സ്ഥാനങ്ങള്‍ രാജിവെച്ചേ മതിയാകൂ. നിയമനിര്‍മ്മാണ സഭകളും നീതിന്യായവ്യവസ്ഥയും ഭരണനിര്‍വഹണ സ്ഥാപനങ്ങളും പരിശുദ്ധമായിരിക്കേണ്ടത് ജനാധിപത്യവ്യവസ്ഥയ്ക്ക് അനുപേക്ഷണീയമാണ്. ഒത്തുതീര്‍പ്പില്ലാത്ത നിലപാടുകളാണ് ഭരണനേതൃത്വങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. അവ നടപ്പിലാവുമ്പോഴാണ് പൗരസമൂഹത്തിനും ജനാധിപത്യവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടാവുക. ഈ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാവുമോ എന്ന കടുത്ത പരീക്ഷണത്തെയാണ് ഇടതുമന്ത്രിസഭ നേരിട്ടുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: