”ജോലി കിട്ടിയിട്ടുവേണം 10 ദിവസം ലീവെടുക്കാന്‍” – ജോലിയില്ലാത്ത യുവാക്കളുടെ ഈ പരിഹാസ വാക്കുകള്‍ പുതിയതൊന്നുമല്ല. സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാക്കസേരകള്‍ക്ക് മുകളില്‍ കറങ്ങുന്ന ഫാനുകളും, മേശപ്പുറത്ത് കൂമ്പാരമായ ഫയലുകളുമാണ് ഇങ്ങനെ പറയിക്കുന്നത്. ഇത് കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് പണ്ട് ആര്. സുഗതനെന്ന നിയമസഭാംഗം ‘ഹജൂര്‍ കച്ചേരി’ (സെക്രട്ടേറിയറ്റ്) ചാമ്പലാക്കണമെന്ന് രോഷത്തോടെ പ്രതികരിച്ചത്. ‘തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലെന്ന’ നിലപാടുമായി പിന്നെയും മുന്നോട്ടുപോയി.
നിയമസഭാ വേദികളില്‍ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരെ പഴിക്കുന്നത് ഏതാണ്ട് പതിവാണ്. ഭരണകക്ഷി അംഗമായിരുന്ന ഒ. ഭരതന് സെക്രട്ടേറിയറ്റിനകത്ത് ഉദ്യോഗസ്ഥ പ്രമാണിമാര്‍ വരുന്നതും പോകുന്നതും തീവണ്ടിയുടെ സമയക്രമമനുസരിച്ചാണെന്ന് ആവലാതിപ്പെട്ടത് രണ്ട് പതിറ്റാണ്ടിനുമുമ്പാണ്. രാവിലെ 10.15ന് ഓഫീസിലെത്തണമെന്നാണ് വ്യവസ്ഥ. പക്ഷേ അത് പതിനൊന്നും പന്ത്രണ്ടും മണിവരെ വൈകും. വൈകിട്ട് 5.15 വരെ ജോലി ചെയ്യേണ്ടവര്‍ നാല് മണിയോടെ കസേര വിട്ടിറങ്ങും. ഇതിനിടയില്‍ ചായയ്ക്കും ഊണിനുമായി ചിലര്‍ നടക്കും. മറ്റ് ചിലര്‍ യൂണിയന് പണിക്കോ പണപ്പിരിവിനോ ഇറങ്ങും. ഇതിനിടയില്‍ സാരി നോക്കാനും, സാധനങ്ങള്‍ വാങ്ങാനും പോകുന്നവരും കുറവല്ല. കുറി നടത്തിപ്പുകാരും പലിശയ്ക്ക് പണം കൊടുക്കുന്നവരും സംസ്ഥാന ആസ്ഥാന മന്ദിരത്തിലുണ്ടെന്നതും പുതിയ വാര്‍ത്തയല്ല.
ജീവനക്കാരെക്കുറിച്ചുള്ള പരാതി കുന്നുകൂടിയപ്പോഴാണ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1998ല്‍ ആദ്യമായി സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയത്. അല്പായുസ്സേ അതിനുണ്ടായുള്ളൂ. ഭരണപിന്താങ്ങികളായ ജീവനക്കാരില്‍ ഒരുവിഭാഗം അതിനെ അനുകൂലിച്ചപ്പോള്‍ അതിനേക്കാള്‍ ശക്തമായി പ്രതിപക്ഷ യൂണിയന്കാര് എതിര്‍ത്തു. ഒടുവില്‍ പഞ്ചിങ് സംവിധാനം താറുമാറായി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ നേരത്തെ അനുകൂലിച്ചവരുടെ എതിര്‍പ്പിന് തടുപ്പോരില്ലാതായി. സമരം മൂത്തൂ. പഞ്ചിങ്യന്ത്രത്തില്‍ ഉപ്പുവരെ തള്ളിക്കയറ്റി തകര്‍ത്തു. പിന്നീട് കുറേക്കാലം പഴയ പടിയായി.
പിണറായി സര്‍ക്കാര്‍ വന്ന് രണ്ടുമാസം പിന്നിട്ടപ്പോഴാണ് പഞ്ചിങ്ങിനെക്കുറിച്ച് ചിന്തിച്ചത്. 2017 ജൂലായ് 21ന് ആദ്യ വിജ്ഞാപനം വന്നു. അന്നത്തേതും ഇന്നത്തേതും തമ്മില്‍ അന്തരം വലുതാണ്. മൂന്നുദിവസം വൈകി വന്നാല്‍ ശമ്പളം പിടിക്കുന്നതാണ് പുതിയ രീതി.
ഉത്തരവില്‍ പറയുന്നതിങ്ങനെ: സെക്രട്ടേറിയറ്റിലെ അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റം (പഞ്ചിങ് സിസ്റ്റം) 01.01.2018 മുതല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ ഭാഗമായി ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ടതും നിര്‍ബന്ധമായി പാലിക്കേണ്ടതുമായ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
01.01.2018 മുതല്‍ പഞ്ചിങ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ജീവനക്കാര്‍ ഓഫീസില്‍ വരുമ്പോഴും ഓഫീസില്‍ നിന്നു പോകുമ്പോഴും പഞ്ചിങ് സിസ്റ്റത്തിലൂടെ ഹാജര്‍ രേഖപ്പെടുത്തേണ്ടതാണ്. ഇപ്രകാരം ഹാജര്‍ രേഖപ്പെടുത്താത്തവര്‍ക്ക് ശമ്പളം ലഭിക്കുന്നതല്ല. സെക്രട്ടേറിയറ്റിലെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറമെ കാണത്തക്കവിധത്തില്‍ ധരിക്കേണ്ടതാണ്. കൂടാതെ എല്ലാ ജീവനക്കാരും ആഭ്യന്തര (എസ്സി) വകുപ്പില്‍നിന്നും 05.01.2018 മുതല്‍ പുതിയ ലാന്‍യാഡും കാര്‍ഡ് ഹോള്‍ഡറും കൈപ്പറ്റേണ്ടതാണ്.
ജീവനക്കാര്‍ക്ക് പുതിയതായി സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക് പഞ്ചിങ് മെഷീന് മുഖേന പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിലെ നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് വച്ചോ പഞ്ചിങ് രേഖപ്പെടുത്താവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ പേര് മെഷീനില്‍ തെളിയുകയും അസ്സസ്സ് ഗ്രാന്റഡ് എന്ന മെസേജ് കേള്‍ക്കുകയും ചെയ്താല്‍ പഞ്ചിങ് പൂര്‍ത്തിയായതായി കണക്കാക്കാം. ഇപ്രകാരം മെഷീനില്‍ പേര് തെളിഞ്ഞില്ലെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതും, ഹാജര്‍ രേഖപ്പെടുത്തിയതായി സ്വയം ഉറപ്പുവരുത്തേണ്ടതുമാണ്. പഞ്ചിംഗ് മെഷീന് മുഖേന ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കാത്ത ജീവനക്കാര്‍ നോര്‍ത്ത് ബ്ലോക്കിലെ റൂം നമ്പര്‍ 117ലെ കെല്‍ട്രോണിന്റെ സെല്ലുമായോ, സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിന്റെ താല്‍ക്കാലിക സെല്ലുമായോ നേരിട്ട് ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങള്‍ ഒന്നുകൂടി പുതുക്കേണ്ടതാണ്.
ഇത്തവണ പഞ്ചിങ് ഏര്‍പ്പെടുത്തിയപ്പോള്‍ ഹാജര്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്നത് കാണുമ്പോള്‍ സംശയം സ്വാഭാവികം. പഞ്ചറാകാന്‍ എത്രകാലം പിടിക്കും? സെക്രട്ടേറിയറ്റില്‍ ഹാജരിന് പഞ്ചിങ് നിര്‍ബന്ധമാക്കിയപ്പോള്‍ കൃത്യസമയത്ത് ജോലിക്കു വന്നവരുടെ എണ്ണം മൂന്നിരട്ടിയായി. രാവിലെമുതല്‍ തന്നെ ഓഫീസുകള്‍ സജീവവുമായി. 4,497 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. ജനുവരി ഒന്നിന് രാവിലെ 10.15നകം 3050പേര് ഹാജര്‍ രേഖപ്പെടുത്തി. 946പേര് വൈകിയെത്തി. 501പേര് ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 28ന് കൃത്യസമയത്ത് ആകെയെത്തിയ ജീവനക്കാര്‍ വെറും 1047പേരായിരുന്നു. 2150പേര് വൈകിയാണ് എത്തിയത്. ഈ സ്ഥിതിക്ക് മാറ്റംവന്നതോടെ പഞ്ചിങ് വിജയകരമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
ശമ്പളവും ഹാജരുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കൃത്യസമയത്ത് എത്താന്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് താല്‍പര്യമേറിയെന്നാണ് ആദ്യം കണ്ടത്. പക്ഷേ രണ്ടാം ദിവസം സംഗതിമാറി.
രാവിലെ പഞ്ചു ചെയ്താല്‍ എവിടെയെങ്കിലും പോയിട്ട് വൈകുന്നേരം വന്നാല്‍ മതിയെന്ന പഴുത് ഇപ്പോഴുമുണ്ട്. പഞ്ചിങ്ങിനു മുന്നോടിയായി എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത് പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഈ കാര്‍ഡും തൂക്കി പ്രവൃത്തിസമയത്തുതന്നെ കുറേ ജീവനക്കാരെങ്കിലും സെക്രട്ടേറിയറ്റിനു പുറത്തു കറങ്ങുന്നു.
രണ്ടാം ദിവസമായ ജനുവരി മൂന്നിന് കൃത്യസമയത്ത് പഞ്ച് ചെയ്തത് 2873 ജീവനക്കാര്‍. 716പേര് വൈകി പഞ്ച് ചെയ്തപ്പോള്‍ 908പേര് പഞ്ച് ചെയ്തതേയില്ല. ആദ്യദിവസം പഞ്ച് ചെയ്യാതിരുന്നതിന്റെ ഇരട്ടിയായി രണ്ടാം ദിവസം. ഒരുമാസം പഞ്ചിങ് നിരീക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനുശേഷം പഞ്ചിങ് തെറ്റിക്കുന്നവരുടെ ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കും.
കെ. കുഞ്ഞിക്കണ്ണന്
രാവിലെ പഞ്ചു ചെയ്താല്‍ എവിടെയെങ്കിലും പോയിട്ട് വൈകുന്നേരം വന്നാല്‍ മതിയെന്ന പഴുത് ഇപ്പോഴുമുണ്ട്. പഞ്ചിങ്ങിനു മുന്നോടിയായി എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത് പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഈ കാര്‍ഡും തൂക്കി പ്രവൃത്തിസമയത്തുതന്നെ കുറേ ജീവനക്കാരെങ്കിലും സെക്രട്ടേറിയറ്റിനു പുറത്തു കറങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: