തന്റെ പ്രധാനമന്ത്രിപദം നിലനിര്‍ത്തുവാന്‍ വേണ്ടിയായിരുന്നു, രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി 1969 ല്‍ സ്വകാര്യ മേഖലയിലെ ചില ബാങ്കുകളെ ദേശസാല്‍ക്കരിച്ച് അവയെ പൊതുമേഖലാ ബാങ്കുകളാക്കിയത്. കേരളത്തിലാരംഭിച്ച ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ലോര്‍ഡ് കൃഷ്ണാ ബാങ്ക്, നെടുങ്ങാടി ബാങ്ക്, ബാങ്ക് ഓഫ് കൊച്ചിന് എന്നീ ബാങ്കുകള്‍ സ്വകാര്യ മേഖലയില്‍ത്തന്നെ തുടര്‍ന്നു. ഇവയില്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിലും, നെടുങ്ങാടി ബാങ്ക് ബാങ്ക് ഓഫ് പഞ്ചാബിലും, ബാങ്ക് ഓഫ് കൊച്ചിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും പിന്നീട് ലയിക്കുകയുണ്ടായി. 1969 നുശേഷമാണ് ഭാരതത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സാമ്പത്തികകാര്യങ്ങളില്‍ ഉന്നത പ്രാധാന്യം ലഭിക്കാനാരംഭിച്ചത്. ഭാരതസര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഈ പൊതുമേഖലാ ബാങ്കുകള്‍ നല്ല രീതിയില്‍ നിറവേറ്റിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ബാങ്കുകളും നല്ല സേവനം അവരുടെ ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അവരുടെ കീഴുദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം ബോധ്യപ്പെട്ടതിനാലാണ് ദേശോന്നതിക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. അന്നുമുതല്‍ ബാങ്കുകളിലെ എല്ലാ ജീവനക്കാരും അവരുടെ ജോലിസമയം കണക്കിലെടുക്കാതെ ബാങ്കിടപാടുകള്‍ക്ക് സ്തുത്യര്‍ഹമായ സേവനം നല്കുകയുണ്ടായി. നോട്ടച്ചടിച്ച് ഇറക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഏത് കറന്‍സി നോട്ടുകള്‍ ബാങ്കുകളിലും പുറത്തുമുണ്ടെന്ന് അറിവുള്ളതിനാലാണ് നിരോധിച്ച കറന്‍സികളുടെ 99 ശതമാനം ബാങ്കുകളില്‍ തിരികെയെത്തിയതെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു/സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരുടെയും പൂര്‍ണ പരിശ്രമത്താലാണ് ഈ സ്ഥിതി സാധ്യമായത്.
വസ്തുത ഇതായിരിക്കെ, ‘ദേശസാല്‍കൃത ബാങ്കുകള്‍ ജനവിരുദ്ധമോ?’ എന്ന ലേഖനത്തിലൂടെ (ജന്മഭൂമി 25/12/2017) കെ.സി. ജോര്‍ജ് പൊതുമേഖലാ ബാങ്കുകളിലെ മാത്രം ജീവനക്കാരെ ഇകഴ്ത്തിയിരിക്കുന്നു. ”രാജ്യസ്നേഹപരമായി എടുത്ത തീരുമാനം ജനങ്ങളില്‍ എത്തിക്കേണ്ട ചുമതലയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ഈ പദ്ധതിയെ ഏറ്റവും വികൃതമാക്കി ജനങ്ങളില്‍ എത്തിക്കുകയാണുണ്ടായത്” എന്ന് ലേഖകന്‍ എഴുതുന്നു. പദ്ധതിയെ വികൃതമാക്കിയെങ്കില്‍, കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന് 2.1 ലക്ഷം കള്ളക്കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കുവാന്‍ എങ്ങനെ സാധിച്ചുവെന്ന് ലേഖകന്‍ വിശദീകരിക്കണം. ”പുതുതായി ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളില്‍ എത്തുന്നതിനും മുമ്പുതന്നെ ചില കള്ളപ്പണക്കാരുടെ കൈകളില്‍ എത്തിച്ചു” എന്നത് വാസ്തവമായിരുന്നെങ്കില്‍ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചിരുന്ന സാധാരണ ബാങ്കിടപാടുകാര്‍ക്ക് 100 രൂപാ നോട്ടുകള്‍ ലഭിക്കാതെ 500, 2000 രൂപ നോട്ടുകള്‍ മാത്രം ലഭിച്ചതെങ്ങനെയെന്ന് ലേഖകന്‍ വിശദീകരിക്കണം.
ബാങ്ക്ജീവനക്കാരുടെ ജോലിസമയങ്ങളിലും അവധിദിവസങ്ങളിലും മാറ്റം വരുത്തിയതിന്റെ ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് ജീവനക്കാര്‍ മാത്രമല്ല. സ്വകാര്യമേഖലാ ബാങ്ക് ജീവനക്കാരും അതിന്റെ ഗുണഭോക്താക്കളാണ്. ബാങ്കിടപാടുകാരും ഈ മാറ്റങ്ങളുടെ ഗുണഭോക്താക്കളാണ്. സാധാരണ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണിവരെയും, ശനിയാഴ്ചകളില്‍ ഉച്ചക്ക് 12 മണിവരെയുമായിരുന്നു ബാങ്കിടപാട് സമയം. രണ്ടാമത്തേതും, നാലാമത്തേതും ശനിയാഴ്ചകള് ബാങ്ക് ജീവനക്കാര്‍ക്ക് അവധിദിവസമാക്കി നല്‍കിയത് ബാങ്ക് ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയെന്നാണ് ലേഖകന്‍ എഴുതിയിരിക്കുന്നത്. സാധാരണ ദിവസങ്ങളിലും, ഇതര ശനിയാഴ്ചകളിലും വൈകുന്നേരം മൂന്നര-നാലുമണിവരെ ബാങ്കിടപാടു നടത്തുവാന്‍ ബാങ്ക് ജീവനക്കാര്‍ സന്നദ്ധരായെന്നത് ലേഖകന്‍ അറിഞ്ഞില്ലായെന്നുണ്ടോ?
ഇക്കഴിഞ്ഞ സപ്തംബറില്‍ 12 അവധി ദിവസങ്ങളായിരുന്നുവെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. 12 അവധിദിവസങ്ങളില്‍ ബക്രീദ്, തിരുവോണം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണ സമാധിദിനം, ശ്രീകൃഷ്ണജയന്തി, മഹാനവമി, വിജയദശമി, നാല് ഞായറുകള്‍ എന്നീ കാരണങ്ങളാല്‍ 11 ദിവസങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഈ അവധി ദിവസങ്ങളുടെ പേരില്‍ ബാങ്ക് ജീവനക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ?
വാ.ലക്ഷ്മണ പ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: