നെയ്യാറ്റിന്‍കര: യുഐറ്റി മാറ്റി സ്ഥാപിക്കുന്നതില്‍ വ്യാപക പ്രതിഷേധം. നെയ്യാറ്റിന്‍കര ദേശീയ പാതയോരത്ത് ആറാലുംമൂട് സ്ഥിതി ചെയ്യുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ യുഐറ്റി മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധം നടക്കുന്നത്.
വര്‍ഷങ്ങളായി ആറാലുംമൂട്ടിലാണ് യുഐറ്റി സ്ഥിതി ചെയ്യുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യത്തിനും താമസത്തിനും നിലവില്‍ സ്ഥിതി ചെയ്യുന്നിടത്താണ് ഗുണകരമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നത്. യുഐറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ശുദ്ധമായ കുടിവെള്ള സൗകര്യവും വിശാലമായ ക്ലാസ്സ് മുറികളുമുണ്ട്.
ജില്ലയിലെ തന്നെ ഏറ്റവും സൗകര്യപ്രഥമായതും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ യുഐറ്റിയെ പാര്‍ട്ടി ഗ്രാമമായ ചെമ്പരത്തിവിളയിലേക്ക് മാറ്റുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് വേണ്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരുവനന്തപുരത്തു നിന്നു ചെമ്പരത്തിവിളയില്‍ റോഡ്മാര്‍ഗം വഴി എത്തണമെങ്കില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയം വേണം. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചെമ്പരത്തിവിളയിലെ സഖാക്കന്‍മാരുടെ ആവശ്യപ്രകാരമാണ് യുഐറ്റി മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നും ആരോപണമുണ്ട്.
ചെമ്പരത്തിവിളയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന പോളിടെക്‌നിക് സഖാക്കന്‍മാരുടെ പാര്‍ട്ടി കാര്യാലയമായി മാറിയിരിക്കുകയാണ്. പോളിടെക്‌നിക്കലിലെ വിദ്യാര്‍ത്ഥികളെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് പാര്‍ട്ടി പരിപാടികള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നതും പതിവാണ്. ചെമ്പരത്തിവിളയില്‍ യുഐറ്റി സ്ഥാപിക്കുന്നത് സ്ഥാപനത്തില്‍ നുഴഞ്ഞ് കയറി വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്രീയ വിഷം കുത്തിവയ്‌ക്കാനുള്ള സഖാക്കന്‍മാരുടെ തന്ത്രമെന്നാണ് നാട്ടുകാര്‍ പറയുന്നത്. . യുഐറ്റി മാറ്റി സ്ഥാപിക്കുന്നതിനെതിരെ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി.
യുഐറ്റി മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്നു ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.
















