മംഗളൂരു: ബൈക്കു തടഞ്ഞു നിര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകനും സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി ജീവനക്കാരനുമായ ദീപക്ക് റാവു(28)വിനെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കാട്ടിപ്പള്ള മൂഡായിക്കോടിയിലാണ് സംഭവം. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സൂരത്കല്ലിലെ ബജറംഗ്ദള് സംയോജകനാണ് ദീപക്. സംഭവമറിഞ്ഞെത്തിയ പോലീസ് കൊലയാളികളെ പിന്തുടര്ന്നു പിടികൂടി. മുല്‍ക്കി നൗഷാദ് ഉല്ലങ്കെ, റിസ്വാന്, പിങ്കിനവാസ്, നിര്‍ഷാന്‍ എന്നിവരാണ് പിടിയിലായത്.
കാര്‍ മുടുബിദ്രിക്കു സമീപത്തെ മിജാറുവിലെത്തിയപ്പോള് പോലീസ് വെടിയുതിര്‍ത്തു. ടയറിനു വെടിയേറ്റതോടെ പഞ്ചറായി. തുടര്‍ന്ന് ഇറങ്ങിയോടിയ അക്രമികള്‍ക്കു നേരെയും പോലീസ് വെടിയുതിര്‍ത്തു. അക്രമികളില്‍ നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു.
ഒരാളുടെ കാലിനു വെടിയേറ്റതോടെ മറ്റുള്ളവര്‍ കീഴടങ്ങി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും എം.പി നളിന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുരത്ക്കല്‍, കൃഷ്ണപുര, ഗണേശ്പുര, കനാബാല തുടങ്ങിയ പ്രദേശങ്ങളില്‍ ബന്ദ് ആചരിച്ചു.
സംസ്കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി നിഷേധിച്ച പോലീസുകാര്‍ ബന്ധുക്കളെ ആരെയെും അറിയിക്കാതെ ദീപകിന്റെ മൃതദേഹം കാട്ടിപ്പള്ളയിലേക്ക് മാറ്റിയിരുന്നു. ഇതും വലിയ പ്രതിഷേധത്തിന് കാരണമായി. സംഭവത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കടകള്‍ അടച്ചിട്ടു.വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. മംഗളൂരു, സുരത്ക്കല്ല് ഭാഗങ്ങളില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: