അമ്പലപ്പുഴ: അമിത ലാഭം കൊയ്യാനുള്ള മത്സ്യവ്യാപാരികളുടെ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തം. ഒരു മാസമായുള്ള കടുത്ത വറുതിക്കു ശേഷമാണ് ചെറുവള്ളങ്ങള്‍ക്ക് സുലഭമായി മത്തി ലഭിച്ചത്.
എന്നാല്‍ 5 കുട്ട മത്സ്യത്തിന് ഒരു കുട്ട സൗജന്യമായി വേണമെന്ന വ്യാപാരികളുടെ കടുംപിടുത്തമാണ് തീരദേശത്തെ സംഘര്ഷത്തിലെത്തിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികള്‍ കൊണ്ടുവന്ന നൂറുകണക്കിന് കുട്ട മത്തി വാങ്ങാന്‍ വ്യാപാരികളും ഇവരുടെ ഇടനിലക്കാരും തയ്യാറായില്ല.
ഗത്യന്തരമില്ലാതെ പിന്നീട് തൊഴിലാളികള്‍ കിട്ടിയ പണത്തിന് മീന്‍ നല്‍കുകയായിരുന്നു. കടുത്ത മത്സ്യക്ഷാമമുള്ള ഈ സമയത്ത് കുട്ട ഒന്നിന് 5,000 രൂപ വില ലഭിക്കേണ്ട മത്സ്യം 1,500 രൂപ വില വെച്ചാണ് നല്‍കിയതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വ്യാപാരികളുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍ 100 കുട്ടമത്സ്യം ഒരു വള്ളത്തിന് ലഭിച്ചാല്‍ 20 ഓളം കുട്ടമത്സ്യം വള്ളക്കാര് വെറുതെ നല്‍കേണ്ടി വരും.
മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യാനുള്ള നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന്റെ ഭാഗമായി ജില്ലയുടെ തീരത്തു നിന്ന് മത്സ്യ ബന്ധന വള്ളങ്ങള്‍ കടലിലിറക്കിയില്ല. പുന്നപ്രയിലെയും, പറവൂരിലെയും ചന്തക്കടവുകളുടെ പ്രവര്‍ത്തനവും നിലച്ചു.
മത്സ്യതൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പുന്നപ്ര ഫിഷ് ലാന്റിങ് സെന്ററില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ ഇരുവിഭാഗക്കാരെയും ചര്‍ച്ചക്കു വിളിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: