കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീരോചിത സമനില. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള പൂനെ സിറ്റിയെ 1-1 ഗോളടിച്ച് സമനിലയില്‍ പിടിച്ചു. കളിയുടെ 33-ാം മിനിറ്റില്‍ മാഴ്സെലീഞ്ഞോയുടെ ഗോളില്‍ പൂനെ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെ പൊരുതിയ ബ്ലാസ്റ്റേഴ്സ് 73-ാം മിനിറ്റില്‍ സിഫ്നിയോസിലൂടെ സമനില ഗോള്‍ കണ്ടെത്തി.
സമനിലയോടെ എട്ട് കളികളില്‍ നിന്ന് 8 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനം നിലനിര്‍ത്തി. പൂനെ ഒമ്പത് കളികളില്‍നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ മുന്‍ മത്സരങ്ങളില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞപ്പോള്‍ ഇന്നലെ ആരാധകരുടെ ഒഴുക്കുണ്ടായില്ല. 26586 പേര് മാത്രമാണ് ഇന്നലെ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയത്.
രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. പരിക്കില്‍ നിന്ന് മുക്തിനേടിയ സൂപ്പര്‍താരം ദിമിത്രി ബെര്‍ബറ്റോവും റിനോ ആന്റോയും കളത്തിലെത്തിയപ്പോള്‍ സസ്പെന്‍ഷനിലായ ഇവാന് പെസിസിച്ചും കഴിഞ്ഞ കളിയില്‍ കളിച്ച സാമുവല്‍ ഷഡാപും പുറത്തായി.
ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. ബ്ലാസ്റ്റേഴ്സിനായി സിഫ്നിയോസും പൂനെക്കായി എമിലിയാനോ ആല്‍ഫാരോയു;ം സ്ട്രൈക്കറുടെ റോളിലെത്തി. റെനെ മ്യൂലന്സ്റ്റീന് പകരം മുഖ്യപരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിംസ് തന്ത്രങ്ങള്‍ ഓതിക്കൊടുത്ത് സൈഡ് ലൈനിനടുത്ത് നിന്നെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്സ് നിരയില്‍ കണ്ടില്ല. തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാതിവഴിയില്‍ അവസാനിച്ചു. ഇരു ടീമുകളും എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാനായി കരുതലോടെയാണ് കളി തുടങ്ങിയതെങ്കിലും ആദ്യ മുന്നേറ്റം വന്നത് പൂനെയുടെ ഭാഗത്തുനിന്ന്.
മാഴ്സെലീഞ്ഞോയും ആല്‍ഫാരോയും ചേര്‍ന്ന് നടത്തിയ നീക്കം ബോക്സിലെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഒരു മുന്നേറ്റം നടത്തിയെങ്കിലും ആസൂത്രണക്കുറവും കൃത്യതയില്ലായ്മയും തിരിച്ചടിയായി. ഗോവക്കെതിരെയും ബെംഗളൂരുവിനെതിരെയും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഇന്നലെയും ഫോമിലേക്കുയര്‍ന്നില്ല. . ജിംഗാനൊപ്പം വെസ് ബ്രൗണ്‍ സെന്‍ട്രല്‍ ഡിഫന്‍ഡറായി ഇറങ്ങിയിട്ടും വിള്ളലുകള്‍ ധാരാളമായിരുന്നു. ആറാം മിനിറ്റില്‍ സിഫ്നിയോസിനെ ടെബാര്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഏഴാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് ഭാഗ്യമെത്തി.
മാഴ്സലീന്യോയുടെ ഫ്രീകിക്ക് കണക്ട് ചെയ്യാന്‍ ആദിലിന് കഴിഞ്ഞില്ല. തുടര്‍ന്നുള്ള മിനുറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് പൂനെ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരിയൂടെ മിന്നുന്ന പ്രകടനം പൂനെക്ക് വിലങ്ങുതടിയായി . 15, 21 മിനുറ്റുകളില്‍ മാഴ്സലീഞ്ഞോയുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ക്ക് മുന്നിലാണ് സുഭാശിഷ് വിലങ്ങുതടിയായി നിന്നത്. 22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സിഫ്നിയോസിന് സുവര്‍ണ്ണാവസരം ലഭിച്ചു. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ സിഫ്നിയോസ് ഓഫ് സൈഡായതോടെ ഈ അവസരവും നഷ്ടമായി. തുടര്‍ന്നും പൂനെയായിരുന്നു അവസരങ്ങള്‍ സൃഷ്ടിച്ചത്.
30-ാം മിനിറ്റില്‍ ആദില്‍ ലോങ് റേഞ്ചിന് ശ്രമിച്ചെങ്കിലും പന്ത് ഗോള്‍പോസ്റ്റിനെ ചുംബിച്ച് പുറത്തേക്കുപോയി. ഒടുവില്‍ 33-ാം മിനിറ്റില്‍ പൂനെ ലീഡ് നേടി. മലയാളിത്താരം ആഷിഖ് കരുണിയനൊപ്പം കുറിയപാസുകളിലൂടെ തുടങ്ങിയ നീക്കത്തിനൊടുവില്‍ ബോക്സിന്റെ വലതുമൂലയില്‍നിന്ന് മാഴ്സലീഞ്ഞോ പന്ത് പോസ്റ്റിലേക്ക് പായിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി സുഭാശിഷ് ചൗധരിക്ക് ഒന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ പൂനെ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും സുഭാശിഷ് അവസരത്തിനൊത്തുയര്‍ന്ന് അത് വിഫലമാക്കി.
36-ാം മിനിറ്റില്‍ പൂനെയുടെ മലയാളി താരം ആഷിഖിന്റെ നിലംപറ്റിയുള്ള ഷോട്ട് സഹതാരത്തിന്റെ ദേഹത്തുതട്ടി ദിശമാറിയതോടെ സുഭാശിഷ് കൈയിലൊതുക്കി. അധികം കഴിയും മുന്നേ ഹ്യൂമിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് സുന്ദരമായ ഒരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 40-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. തൊട്ടടുത്ത മിനിറ്റില്‍ വലതുവിങ്ങിലുടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ആഷിഖിന്റെ മികച്ച പാസ് ആല്‍ഫാരോയിലേക്ക്. എന്നാല്‍ ആല്‍ഫാരോ പായിച്ച ഷോട്ട് നേരെ ഗോളി സുഭാശിഷിന്റെ കൈകളിലേക്കായിരുന്നു. 44-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് പൂനെ ഗോളി വിശാല്‍ കെയ്ത് കൈയിലൊതുക്കി. ഒന്നാം പകുതിയുടെ അധിക സമയങ്ങളില്‍ സമനില ഗോളിനായുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളെല്ലാം വിഫലമായതോടെ പൂനെ ഇടവേളയ്ക്ക് 1-0 ന് മുന്നിട്ടുനിന്നു.
ആദ്യപകുതിയില്‍ നിറംമങ്ങിയ ബെര്‍ബറ്റോവിന് പകരം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് പുതിയ താരമായ ഉറുഗ്വെയുടെ കെസിറോണ്‍ കിസിറ്റോയെ കളത്തിലെത്തിച്ചു. ഇതോടെ ആദ്യപകുതിയില്‍ കണ്ട ബ്ലാസ്റ്റേഴ്സായിരുന്നില്ല പിന്നീട് കളത്തില്‍. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് അതിനനുസരിച്ചുള്ള പിന്തുണ കിട്ടാതിരുന്നതോടെ മുന്നേറ്റങ്ങള്‍ പലതും പാതി വഴിയില്‍ അവസാനിച്ചു. എങ്കിലും തോല്ക്കാന് ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. 56-ാം മിനിറ്റില്‍ കിസിറ്റോ ഒറ്റയ്ക്ക് പന്തുമായി മുന്നേറിയെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വെസ് ബ്രൗണിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി എതിര് ബോക്സില്‍ സമ്മര്‍ദ്ദം ചെലുത്തി.
ഒടുവില്‍ 73-ാം മിനിറ്റില്‍ ഗ്യാലറിയെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ സമനിലഗോള്‍. പന്തുമായി കുതിച്ച കിസിറ്റൊ പന്ത് പെക്കൂസന് നല്കി. പന്തുമായി ബോക്സില്‍ പ്രവേശിച്ച പെക്കൂസന് എതിര് ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ ശേഷം സിഫ്നിയോസിന്് മറിച്ചുനല്‍കി. പന്ത് കിട്ടിയ സിഫ്നിയോസ് ബോക്സിനുള്ളില്‍ നിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പൂനെ ഗോളി വിശാല്‍ കെയ്തിനെ നിഷ്പ്രഭനാക്കി വലയില്‍ (1-1). രണ്ട് മിനിറ്റിനുശേഷം ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
തൊട്ടുപിന്നാലെ പൂനെ ജോനാഥന് ലൂക്കയെ പിന്‍വലിച്ച് കാര്‍ലോസ് ഒളിവേരയെ കളത്തിലെത്തിച്ചു. 83-ാം മിനിറ്റില്‍ ആഷിക് കുരുണിയനെ പിന്‍വലിച്ച് ജുവല്‍ രാജയെയും പൂനെ മൈതാനത്തിറക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് റിനോ ആന്റോക്ക് പകരം സാമുവല്‍ ഷഡാപിനെ ഇറക്കി. 89-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും പെക്കൂസന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 10ന് ദല്‍ഹി ഡൈനാമോസിനെതിരെ ദല്‍ഹിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: