കണ്ണൂര്‍: കൗമാരപ്രായക്കാര്‍ക്കുള്ള ബോധവത്കരണ യജ്ഞങ്ങള്‍ ഇന്നത്തെ സാമൂഹിന്റെ ആവശ്യമാണെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനെക്കോളജിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ബോധവത്കരണ പദ്ധതിയായ ‘തളിരി’ന്റെ രണ്ടാം ഘട്ടം ഉദഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരുടെ ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ തീര്‍ച്ചയായും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തിയെടുക്കുക, പോഷകാഹാരത്തെക്കുറിച്ചുള്ള അറിവ് നല്‍കുക, മാനസിക പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ തയ്യാറാക്കുക എന്നീ ലക്ഷ്യങ്ങളാണ് തളിര് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ആറളം ഫാമില്‍ സ്ഥിതി ചെയുന്ന ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ 200 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പും രക്തക്കുറവുള്ള കുട്ടികള്‍ക്ക് സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധനയും ഇതിനോടനുബന്ധിച്ച് നടന്നു. കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍ അണിനിരന്ന ബോധവത്കരണ സ്കിറ്റ് കുട്ടികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
കണ്ണൂര്‍ ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റ് മിനി ബാലകൃഷ്ണന്, സെക്രട്ടറി ഷൈജസ് നായര്‍, സംസ്ഥാന അഡലൈസെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുചിത്ര സുധീര്‍, ആറളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷിജി, ആറളം സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ദിനേശ് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: